Channel 17

live

channel17 live

വയനാടിന് കൈത്താങ്ങായി കുരുന്നുകള്‍

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍. മഞ്ഞ നിറമുള്ള മുയല്‍ കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യവുമായി ഒന്നാം ക്ലാസുകാരന്‍ അര്‍ണവും പിറന്നാളാഘേഷിക്കാന്‍ സൂക്ഷിച്ചു വെച്ച കാല്‍ ലക്ഷം രൂപയുമായി ഏഴാം ക്ലാസുകാരി ദിയയുമാണ് ഇന്നലെ (വെള്ളി) കളക്ടറെ കാണാനെത്തിയത്. കുട്ടികള്‍ നല്‍കിയ പണക്കുടുക്കയും ചെക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. രണ്ടുകുട്ടികളും എല്ലാവര്‍ക്കും മാതൃകയാണെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ കളക്ടര്‍ പറഞ്ഞു.

അര്‍ണവ് വിഷ്ണു നായര്‍ തനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാനായി രണ്ടുവര്‍ഷങ്ങളായി കുടുക്കയില്‍ സൂക്ഷിച്ച 1103 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ദുബായ് ജെംസ് ഔര്‍ ഓണ്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ദുബായിയില്‍ ജോലിചെയ്യുന്ന പൂത്തോള്‍ സ്വദേശിയായ വിഷ്ണു, നന്ദിതാ രാജ് എന്നിവരുടെ ഏക മകനാണ്. അര്‍ണവ് മുത്തച്ഛന്‍ പ്രൊഫ. ഡോ. ഇ.യു രാജനോടൊപ്പമാണ് തുക കൈമാറാനായെത്തിയത്. വയനാട്ടിലെ ദുരന്തം ടി.വിയിലൂടെ കണ്ടപ്പോള്‍ ഏറെ സങ്കടം തോന്നിയെന്നും തുക കൈമാറിയത് ഏറെ സന്തോഷത്തോടെയാണെന്നും അര്‍ണവ് പറഞ്ഞു.

അബുദാബി ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദിയ സി. ദീപക് വെക്കേഷന്‍ ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. ആഗസ്റ്റ് 24 ന് പിറന്നാള്‍ ആഘോഷിക്കാനായി മാറ്റിവെച്ച 25,000 രൂപയാണ് ദിയ സി. ദീപക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന കൂര്‍ക്കഞ്ചേരി സ്വദേശിയായ ദീപക്, സിമ്‌ന ദമ്പതികളുടെ മകളാണ്. മുത്തച്ഛനായ അശോകനോടൊപ്പമാണ് ദിയ കളക്ടറെ കാണാനെത്തിയത്. ദുരിതബാധിതരെ സഹായിക്കാനായി നിറഞ്ഞ മനസ്സോടെയാണ് തുക കൈമാറിയതെന്ന് ദിയ പറഞ്ഞു. ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമായി 4,47,848 രൂപ നല്‍കി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!