Channel 17

live

channel17 live

വയോജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍

വയോജനങ്ങള്‍ക്ക് മക്കള്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടിലായ അമ്മമാരെ സംരക്ഷിക്കാന്‍ മക്കള്‍ തയാറാകാത്തതും, ഒന്നില്‍ കൂടുതല്‍ മക്കള്‍ ഉള്ള വീടുകളില്‍ അമ്മമാരെ നോക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കമ്മിഷന് മുന്നില്‍ വരുന്നുണ്ട്. അഭ്യസ്തവിദ്യരും നല്ല ജോലിയില്‍ ഇരിക്കുന്ന മക്കള്‍ പോലും സ്വന്തം അമ്മമാരെ നോക്കുന്നതില്‍ വിമുഖതയും കണക്കു പറച്ചിലും വരെ കാട്ടുന്നുണ്ട്. വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്നും തദ്ദേശസ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതികളുടെ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
സ്ത്രീകളില്‍ ആര്‍ത്തവ സമയങ്ങളില്‍ ഉണ്ടാകുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ട് കൊണ്ടുള്ള അവശതകള്‍ ജോലിയിലെ കഴിവില്ലായ്മയായി ചിത്രീകരിക്കരുത്. ഈ സാഹചര്യം അനുഭാവപൂര്‍വം പരിഗണിക്കണം. സ്വകാര്യ കമ്പനിയില്‍ നേരിട്ട മാനസികപീഡനം സംബന്ധിച്ച പരാതി പരിഗണിക്കണവേയാണ് ഈ സമയത്ത് സ്ത്രീകളെ കൂടുതല്‍ മാനസികസമ്മര്‍ദത്തിലാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം നിര്‍ദേശിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പോഷ് ആക്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കേണ്ട ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രവര്‍ത്തനം നിയമപരമായി നടക്കുന്നില്ല. തൊഴിലിടങ്ങളിലെ സമിതി സംബന്ധിച്ച് ജീവനക്കാര്‍ക്ക് പോലും വ്യക്തത ഉണ്ടാവാത്ത സാഹചര്യത്തില്‍ പരാതിക്കാര്‍ നേരിട്ട് കോടതിയെ സമീപിക്കുന്നു. പ്രാഥമികമായി പരാതികള്‍ കേള്‍ക്കേണ്ട ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് സ്ഥാപനമേധാവികള്‍ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
മദ്യലഹരിയെ തുടര്‍ന്ന് ഭാര്യയുമായി സ്ഥിരം പ്രശ്നമുണ്ടാക്കിയ വ്യക്തിയെ പൊലീസിന്റെ സഹായത്തോടെ ഡീ-അഡിക്ഷന്‍ കേന്ദ്രത്തിലാക്കാന്‍ തീരുമാനമായി. തൊഴിലിടങ്ങളിലെ അധിക്ഷേപം, വയോജനങ്ങളെ സംരക്ഷിക്കാത്ത നിലപാട്, ദമ്പതികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും അദാലത്തില്‍ എത്തിയത്. ആകെ 16 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 45 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 63 പരാതികളാണ് പരിഗണിച്ചത്. പാനല്‍ അഭിഭാഷക സജിത അനില്‍, ഫാമിലി കൗണ്‍സലര്‍ മാലാ രമണന്‍, വനിതാ സെല്‍ എ.എസ്.ഐ അനിത സുരേഷ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!