ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന പാതയായി മാറും.
മികച്ച ജനപങ്കാളിത്തത്തോടുകൂടി ആഘോഷപൂര്‍ണ്ണമായി വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. ഇന്ന് (സെപ്റ്റംബര്‍ 29 ന് )നടക്കുന്ന വലക്കാവ് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വികസനത്തിന്റെ പുതിയ മുഖം കൈവരിക്കാന്‍ പോകുന്ന പാതയായി വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് മാറും. പാലക്കാട് ദിശയില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് പുത്തൂരിലേക്കും പീച്ചി ഡാമിലേക്കും എത്താനുള്ള മികച്ച കവാടമായി ഈ പാത മാറും. ലക്ഷക്കണക്കിന് വരുന്ന സഞ്ചാരികള്‍ക്ക് പുത്തൂര്‍ക്ക് പുറമേ വലക്കാവും വിലങ്ങന്നൂരും യാത്ര സുഗമമാക്കുന്ന കവാടകളായി മാറുമെന്നും മന്ത്രി പറഞ്ഞു.
നടത്തറ – പുത്തൂര്‍ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം ഇന്ന് (വെള്ളി) ഉച്ചതിരിഞ്ഞ് 3 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വലക്കാവ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന് അദ്ധ്യക്ഷത വഹിക്കും.
നടത്തറ – പുത്തൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് വലക്കാവ് – തോണിപ്പാറ – നാലുകെട്ട്. 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. റോഡിന്റെ 790 മീറ്റര്‍ ഭാഗം നടത്തറ പഞ്ചായത്തിലും ബാക്കി വരുന്ന ഭാഗം പുത്തൂര്‍ ഗ്രാമപഞ്ചായത്തിലുമാണ്. ആധുനിക രീതിയില്‍ ബി എം ബി സി നിലവാരത്തില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ ടാറിങ്ങും ഇരു വശത്തും കാനയും, കള്‍വര്‍ട്ടുകള്‍ ഉള്‍പ്പടെയാണ് നിര്‍മ്മാണം നടത്തുക.
അവലോകന യോഗത്തില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര് രജിത്ത്, പഞ്ചായത്തംഗങ്ങളായ പി കെ അഭിലാഷ്, ഇ എന്‍ സീതാലക്ഷ്മി, പുത്തൂര്‍ പഞ്ചായത്തംഗം ജിനോ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.