Channel 17

live

channel17 live

വസ്തുവിന്റെയും സ്വത്തിന്റെയും പേരില്‍അമ്മമാരെ പീഡിപ്പിക്കുന്നു: വനിതാ കമ്മിഷന്‍

വസ്തുവിന്റെയും സ്വത്തിന്റെയും പേരിലുള്ള വടംവലിയില്‍ പ്രായമായ അമ്മമാരെ നിരാലംബരാക്കുന്ന മക്കളുടെ എണ്ണം കൂടുകയാണെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ വളരെ ദുഃഖകരമാണ്. ഒന്നു നോക്കാനോ, കാണാനോ, സംരക്ഷണം നല്‍കാനോ, അവര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാനോ തയാറാകാത്ത മക്കളുണ്ട്.
സ്വത്ത് വീതിച്ചു നല്‍കിയിട്ടും അമ്മയുടെ പേരില്‍ അവശേഷിക്കുന്ന ചെറിയ സ്വത്തിനു പോലും വീണ്ടും അവകാശം ഉന്നയിച്ച പരാതി അദാലത്തില്‍ പരിഗണനയ്ക്കു വന്നു. ഈ വിഷയത്തില്‍ മക്കള്‍ കോടതിയില്‍ കേസും കൊടുത്തിരിക്കുന്നതായി അറിയുന്നു. ഇത്തരം കേസുകളില്‍ ഇരുകൂട്ടര്‍ക്കും ദോഷമില്ലാത്ത രീതിയില്‍ പരിഹരിക്കുന്നതിനുള്ള ശ്രമമാണ് കമ്മിഷന്‍ നടത്തുന്നത്.

പെണ്‍മക്കള്‍ ലോണിന് ഈട് വയ്ക്കുന്നത് അമ്മയുടെ ശേഷിക്കുന്ന വസ്തുവിന്റെ ആധാരമാണെന്നും വായ്പ അടച്ചു തീര്‍ക്കുകയോ പ്രമാണം എടുത്തു കൊടുക്കുകയോ ചെയ്യുന്നില്ലെന്നുമുള്ള പരാതിയും പരിഗണനയ്ക്ക് എത്തി. വയോധികരായ അച്ഛനെയും അമ്മയെയും സംരക്ഷിക്കാനുള്ള നിയമം നിലവിലുണ്ട്. ഈ തരത്തിലുള്ള വളരെയധികം കേസുകളാണ് വനിതാ കമ്മിഷനില്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം കേസുകള്‍ വളരെ പ്രാധാന്യത്തോടെ മെയിന്റനന്‍സ് ട്രിബ്യൂണല്‍ കാണേണ്ടതായിട്ടുണ്ട്. പലപ്പോഴും മെയിന്റനന്‍സ് ട്രിബ്യൂണല്‍ ഇത്തരം പരാതികള്‍ കാര്യമായി കൈകാര്യം ചെയ്യുന്നില്ലെന്ന് കമ്മിഷന്‍ മുമ്പാകെ പരാതി വരുന്നുണ്ട്.
പ്രായമായ അച്ഛനെയും അമ്മയെയും അവരുടെ വസ്തുവുള്ള വീട്ടില്‍ സുരക്ഷിതമായി താമസിപ്പിക്കുവാന്‍ സാധിക്കുന്നില്ല എന്നത് ദുഃഖകരമാണ്. ഇത്തരം അവസ്ഥയ്ക്ക് മാറ്റം വരണം. നിയമം ഉണ്ടെങ്കിലും ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ കൂടിവരുന്നു എന്നുള്ളത് സാമൂഹികമായ മാറ്റം ഇന്നും വന്നിട്ടില്ല എന്നുള്ളതാണ് തുറന്നുകാട്ടുന്നതെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പിടിഎയും മാനേജ്മെന്റുമായുള്ള തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍, കുടുംബ വഴക്ക്, വസ്തു തര്‍ക്കം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് പരിഗണിച്ച മറ്റു വിഷയങ്ങള്‍. തൊഴിലിടത്തിലെ പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കാനായി നല്‍കി. പഞ്ചായത്തുകളിലെ ജാഗ്രതാ സമിതി ശക്തമായാല്‍ ഇത്തരം പരാതികള്‍ ആദ്യം തന്നെ ഇടപെട്ട് പരിഹരിക്കാന്‍ സാധിക്കും. വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ജാഗ്രതാ സമിതികള്‍ക്ക് പരിശീലനം നല്‍കി ശക്തിപ്പെടുത്തി വരികയാണ്. മികച്ച ജാഗ്രതാ സമിതിക്ക് വനിതാ കമ്മിഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമ- ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി നല്‍കി. 38 പരാതികള്‍ അടുത്ത അദാലത്തിനായി മാറ്റിവച്ചു. ആകെ 58 പരാതികളാണ് പരിഗണനയ്ക്കു വന്നത്. ഗാര്‍ഹിക പരാതികള്‍, വിവാഹമോചനം, കുട്ടികളുടെ പഠന ചിലവ് തുടങ്ങിയവയായിരുന്നു അദാലത്തില്‍ കൂടുതലായി ലഭിച്ച പരാതികള്‍. അഡ്വ. സജിത അനില്‍, അഡ്വ. ബിന്ദു രഘുനാഥ്, കൗണ്‍സിലര്‍ മാല രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!