ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ച് വാതില്‍പ്പടി മാലിന്യശേഖരണം നൂറു ശതമാനത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്താന്‍ മാലിന്യമുക്തം നവകേരളം ജില്ലാതല ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ച് വാതില്‍പ്പടി മാലിന്യശേഖരണം നൂറു ശതമാനത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്താന്‍ മാലിന്യമുക്തം നവകേരളം ജില്ലാതല ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലയിലെ ഉത്സവാഘോഷങ്ങള്‍ ഹരിത ആഘോഷങ്ങളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി ഉറപ്പാക്കും. മെറ്റീരിയന്‍ കളക്ഷന്‍ സെന്ററുകളില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ഉടനടി തന്നെ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.
മാര്‍ച്ച് മാസത്തിനുള്ളില്‍ ജില്ലയില്‍ നടപ്പിലാക്കാനുള്ള പാഴ്‌വസ്തു ശേഖരണ സംവിധാനം, സാനിറ്ററി മാലിന്യ സംസ്‌കരണ സംവിധാനം, പൊതു ജൈവ മാലിന്യ സംസ്‌കരണ സംവിധാനം, നിയമലംഘന നടപടികള്‍ ഊര്‍ജിതമാക്കല്‍, വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്ന പ്രവൃത്തികള്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍, ഹരിതമിത്രം ആപ്പ് പ്രവര്‍ത്തനം തുടങ്ങിയവ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ കര്‍മ്മപരിപാടിയുടെ രൂപരേഖയും യോഗം ചര്‍ച്ച ചെയ്തു.
മാലിന്യമുക്തം നവകേരളം സ്വന്തം ഉത്തരവാദിത്വം എന്ന തിരിച്ചറിവിനായി ശില്പശാല നടത്താന്‍ തീരുമാനിച്ചു. മൂന്നാംഘട്ട മാലിന്യമുക്തം നവകേരളം പ്രവൃത്തികള്‍ ഏകോപിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി യോഗങ്ങള്‍ സംഘടിപ്പിക്കാനും ധാരണയായി.
ജില്ലയിലെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ എസ് ആര്‍ ജി അംഗം അനൂപ് കിഷോര്‍ അധ്യക്ഷനായി. തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, നവകേരളം കര്‍മ്മപദ്ധതി രണ്ട് ജില്ലാ കോഡിനേറ്റര്‍ ദിദിക സി, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജനീഷ് കെ വി, ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.