Channel 17

live

channel17 live

വായന പക്ഷാചരണം: ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കവി സുനില്‍ മുക്കാട്ടുകര ‘ബഷീറിനെ വായിക്കുമ്പോള്‍ ഭാഷ, ശൈലി, കാല്‍പനികത’ എന്ന വിഷയത്തിലധിഷ്ഠിതമായി അനുസ്മരണ പ്രഭാഷണം നടത്തി. വായന ഉള്ളിത്തോളം കാലം ബഷീര്‍ സാഹിത്യം വായിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പല കാലങ്ങളിലും വ്യത്യസ്ത വായനനുഭവം സമ്മാനിക്കുന്നവയാണ് ബഷീര്‍ രചനകള്‍. നാടന്‍ ഭാഷാശൈലിയും നര്‍മത്തില്‍ പൊതിഞ്ഞ എഴുത്തും ബഷീര്‍ കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ സുപരിചിതരാക്കി. സാധാരണക്കാരന്റെ ഭാഷയിലൂടെ മനുഷ്യ മനസ്സിന്റെ ഉള്ളിലേക്ക് കടക്കുന്ന വൈഭവമാണ് ബഷീര്‍ കൃതികളെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രമായ ജീവിതാനുഭവങ്ങളാണ് ബഷീര്‍ കൃതികളുടെ മറ്റൊരു സവിശേഷതയെന്നും പ്രത്യേകിച്ച് അര്‍ഥമില്ലാത്ത വാക്കുകള്‍ക്ക് പോലും അര്‍ഥം നല്‍കി വായനക്കാരെ പുതിയ ലോകത്ത് എത്തിക്കുന്ന ബഷീറിന്റെ വേറിട്ട ശൈലി എക്കാലവും ഓര്‍മിക്കപ്പെടുമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മദനമോഹനന്‍ അഭിപ്രായപ്പെട്ടു.

അയ്യന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ അധ്യക്ഷനായി. അയ്യന്തോള്‍ ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എം.ഡി രജിനി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഡോ. സിജി തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികളായ കെ.എല്‍ ആര്യ കവിതാലാപനവും ക്രിസ് മരിയ മോന്‍സി പ്രഭാഷണവും നടത്തി. പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെയാണ് വായന പക്ഷാചരണം നടത്തുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!