ഇരിങ്ങാലക്കുട : നെടുപുഴ, വിയ്യൂർ എന്നിവിടങ്ങളിൽ നിന്നും ബൈക്കും സ്കൂട്ടറും മോഷ്ടിച്ച യുവാവ് പോലീസിൻ്റെ പിടിയിലായി.”ഇളമനസ്സ്” എന്നറിയപ്പെടുന്ന വെളയനാട് തറയിൽ വീട്ടിൽ ലാസർ മകൻ റിജു(27)വിനെ ആണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. മോഷണ കേസിൽ ഉൾപ്പെട്ട് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്.
പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്നും നെടുപുഴ സ്റ്റേഷൻ പരിധിയിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇരിങ്ങാലക്കുടയിൽ വെച്ച് വാഹന പരിശോധനയ്ക്കിടയിലാണ് പോലീസ് പിടികൂടിയത്. റിജുവിന്റെ പേരിൽ തൃശൂർ ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം സമാന കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
താക്കോൽ വാഹനത്തിൽ തന്നെ വെച്ച് പോകുന്നവരുടെ വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട സർക്കിൾ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എസ് ഐ ക്ലീറ്റസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ അമ്പാടൻ, കമൽ കൃഷ്ണ, ഡി ദിനുലാൽ മോഹൻ, രജീഷ് ആനാപ്പുഴ എന്നിവരും ഉണ്ടായിരുന്നു.