ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർത്ഥികളെയും തൊഴിലന്വേഷകരെയും സഹായിക്കുന്നതിനായി ചാലക്കുടി നഗരസഭ കാര്യാലയത്തിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ (തൊഴിൽ സഹായ കേന്ദ്രം) ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകരെ ഡി.ഡബ്ലിയു.എം.എസ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും ജോലിക്ക് അപേക്ഷിക്കാനും സഹായിക്കുന്നതിനായി ജോബ് സ്റ്റേഷൻ പ്രവർത്തിക്കുന്നതാണ്. തൊഴിലന്വേഷകരായുളള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ലഭിക്കുവാൻ വേണ്ട സേവനങ്ങളും സൗകര്യങ്ങളും നല്കുന്ന വിജ്ഞാന സേവന കേന്ദ്രമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നഗരസഭയുടെ പ്രവൃത്തി ദിവസങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ സെന്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി വി.കെ.ശ്രീധരൻ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, നഗരസഭ സെക്രട്ടറി, കെഡിസ്ക്ക് പ്രതിനിധി അഞ്ജു, ശില്പ, വിജ്ഞാന കേരളം കോർഡിനേറ്റർ സ്വാതി, ഡോ. കെ. സോമൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പ്രീതി ബാബു സ്വാഗതവും കില ഡിആർപി ബീന ഡേവിസ് നന്ദിയും പറഞ്ഞു.
വിജ്ഞാന കേരളം:ചാലക്കുടി നഗരസഭയിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു
