ജനകീയ ആസൂത്രണത്തിന്റെ മാതൃകയില്‍ ജനപങ്കാളിത്തത്തോടെ കേരളത്തിന്റെ വിജ്ഞാന സമ്പദ്ഘടന ശക്തിപ്പെടുത്തുകയാണ് വിജ്ഞാന കേരളത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് വിജ്ഞാന കേരളം അഡൈ്വസര്‍ ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. വിജ്ഞാന തൃശൂരിന്റെ ഭാഗമായി ഗവ. എഞ്ചിനീയറിങ് കോളേജിലും വിമല കോളേജിലുമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍രഹിതരായവര്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിലുകള്‍ ആവശ്യമായ പരിശീലനം നല്‍കി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ജനകീയസൂത്രണത്തിന്റെ മാതൃകയില്‍ സന്നദ്ധപ്രവര്‍ത്തകരെ ഏകോപിച്ച് കേരളത്തിന്റെ തൊഴില്‍, വിജ്ഞാന മേഖല ശക്തിപ്പെടുത്താനാണ് ക്യാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്. സര്‍ക്കാര്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നൈപുണ്യ പരിശീലനങ്ങള്‍ക്കുമൊപ്പം വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും ലഭ്യമാക്കുന്നതിന് എല്ലാ സന്നദ്ധ പ്രവര്‍ത്തകരെയും വിജ്ഞാന കേരളത്തിനായി ഒരുമിപ്പിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, വിജ്ഞാനകേരളം കണ്‍സള്‍ട്ടന്റ് ഡോ. പി. സരിന്‍, വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ് കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കെ.എസ്.എഫ്.ഇ ഡയറക്ടര്‍ അഡ്വ. യു.പി. ജോസഫ് ബ്ലോക്ക് പഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ തൊഴില്‍ മേളയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.