കൊരട്ടി : അടച്ചുറപ്പില്ലാത്ത ഏറെ ശോചനീയമായ അവസ്ഥയിൽ ഉള്ള കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം – വാർഡ് 3 ലെ തണ്ടേങ്ങാട്ടിൽ അമ്മിണിക്കും കുടുംബത്തിനും ഓസ്ട്രേലിയയിലെ മലയാളികളുടെ കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ പുതിയ വീട് ഒരുങ്ങുന്നു. 6 പെൺകുട്ടികൾ മക്കളായുള്ള തണ്ടേങ്ങാട്ടിൽ അമ്മിണിക്കും കുടുംബത്തിനും 520 സ്ക്വയർ ഫീറ്റിൽ 8 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിക്കുന്നത്. 2 ബെഡ്റും , സ്വീകരണമുറിയും അടുക്കളയും, ടോയ്ലറ്റും ഉള്ള വീട് 3 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തികരിക്കാൻ ആണ് തിരുമാനിച്ചിട്ടുള്ളത്. ഓസ്ട്രേലിയയിൽ ഉള്ള കോനൂർ സ്വദേശി ചെറുത്തുരുത്തി ജോജേഷ് അഗസ്റ്റിൻ പ്രസ്തുത നിർമാണത്തിന് സഹായം നൽകുന്നത്. ഒരുമ നിർമ്മിച്ച് നൽകുന്ന 5-ാം മത്തെ വീട് ആണ് ഇത്. കോനൂർ ഫാസ് ക്ലബിൻ്റെ സഹകരണം കൂടി പ്രസ്തുത നിർമ്മാണത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത വഹിച്ചു. ഫാസ് കോനൂർ ഭാരവാഹികളായ ഷാജു നായത്തോടൻ,ഷൈലജൻ കെ. വി, സുബ്രമണ്യൻ പി.എ ,അഗസ്റ്റിൻ ചെറുത്തുരുത്തി ,ദിപക് ഡേവിസ്, ഡിക്സൻ ഡേവീസ് എന്നിവർ പ്രസംഗിച്ചു. ഡി ഫോർ അസോസിയേറ്റ്സ് ആണ് നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
വിദേശ മലയാളി കൂട്ടായ്മയിൽ തണ്ടേങ്ങാട്ടിൽ അമ്മിണിക്കും കുടുംബത്തിനും സുരക്ഷിത ഭവനം ഒരുങ്ങുന്നു
