Channel 17

live

channel17 live

വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കും: അഡ്വ. ഇന്ദിര രവീന്ദ്രന്‍

വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ സാഹചര്യത്തില്‍ വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും വിവിധ ബോധവത്ക്കരണ ക്ലാസുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ലാതല അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തൊഴിലിടങ്ങളിലെ പരാതികള്‍ പരിശോധിക്കുമ്പോള്‍ പലയിടത്തും ഇന്റേണല്‍ കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് കാണുന്നില്ല. അതിനാല്‍ തൊഴിലിടങ്ങളിലെ പീഢനവുമായി ബന്ധപ്പെട്ട് പോഷ് ആക്ടിനെ സംബന്ധിച്ച് പ്രത്യേകിച്ച് ഐടി മേഖലയിലേയും മാളുകളിലേയും വനിതകള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുന്നത് തുടരും. തോട്ടം തൊഴിലാളികള്‍, തീരദേശത്തെയും ആദിവാസി മേഖലകളിലേയും സ്ത്രീകള്‍ തുടങ്ങി വിവിധ മേഖലകളിലെ വനിതകളേയും ഉള്‍പ്പെടുത്തി നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന ക്യാമ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.

പോക്‌സോ കേസുകളില്‍പ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അറിവില്ലായ്മ കൊണ്ട് കുട്ടികള്‍ പോക്‌സോ കേസുകളില്‍ വന്നുപെടുന്ന പ്രവണത ഇല്ലാതാക്കാന്‍ കുട്ടികള്‍ക്ക് പോക്‌സോ നിയമത്തെക്കുറിച്ചും ലിംഗാവബോധത്തെക്കുറിച്ചുമുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കും. കൂടാതെ സൈബര്‍ ഇടങ്ങളിലെ അക്രമങ്ങള്‍, ചതിക്കുഴികള്‍ തുടങ്ങിയവയെക്കുറിച്ചും കാലോചിതമായ അതിക്രമങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ വിദ്യാലയങ്ങളില്‍ നല്‍കും. അതിനോടൊപ്പം ലഹരിക്കും മറ്റ് അതിക്രമങ്ങള്‍ക്കും എതിരെ കൗമാരക്കാരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ‘കൗമാരം കരുത്താക്കൂ’ എന്ന പേരില്‍ പ്രത്യേക ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിക്കുമെന്നും അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.

ആരോഗ്യകരമല്ലാത്ത ദാമ്പത്യ ജീവിതത്തില്‍ നിന്നുള്ള പ്രശ്‌നങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും ഇപ്പോഴും കൂടിവരികയാണ്. ഭാര്യ-ഭര്‍തൃ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. കുടുംബത്തിനകത്ത് ജനാധിപത്യപരമായ ഇടപെടലുണ്ടാവേണ്ടതുണ്ട്. അതിനാല്‍ വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാരിന് വനിതാ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ നല്‍കുമെന്ന് അഡ്വ. ഇന്ദിര രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. 14 പരാതികള്‍ പരിഹരിക്കുകയും രണ്ട് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 39 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്കായി മാറ്റിവെച്ചു. പാനലില്‍ അഡ്വക്കേറ്റ് പാനല്‍ മെമ്പര്‍മാരായ ടി.എസ് സജിത, അഡ്വ. ബിന്ദു രഘുനാഥ്, ഫാമിലി കൗണ്‍സിലര്‍ മാല രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!