Channel 17

live

channel17 live

വിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്കായി ജില്ലാതല പാചക മത്സരം നടത്തി

പൊതുവിദ്യാഭ്യാസ വകുപ്പ് തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട പാചക തൊഴിലാളികള്‍ക്കായി ജില്ലാതല പാചക മത്സരം നടത്തി. തൃശ്ശൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പാചക മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ വിദ്യാഭാസ ഉപഡയറക്ടര്‍ അജിതകുമാരി അധ്യക്ഷത വഹിച്ചു.

പാചക മത്സരത്തില്‍ കൊടുങ്ങല്ലൂര്‍ ഉപജില്ലയിലെ വെക്കോട് ജി.എഫ്.എല്‍.പി. സ്‌കൂളിലെ സി.ഡി സിജി ഒന്നാം സ്ഥാനവും, ഇരിങ്ങാലക്കുട ഉപജില്ലയിലെ ചെങ്ങാലൂര്‍ എ.എല്‍.പി സ്‌കൂളിലെ സി.ആര്‍ പ്രേമ രണ്ടാം സ്ഥാനവും, വടക്കാഞ്ചേരി ഉപജില്ലയിലെ കാഞ്ഞിരക്കോട് ബി.എം.പി.വി സ്‌കൂളിലെ ശ്രീജ ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിതരണം ചെയ്തു.

തൃശ്ശൂര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടിലെ ഫാക്കല്‍റ്റിമാരായ ജി. അനീഷ്‌കുമാര്‍, ശ്രീജിത്ത് മേപ്പുള്ളിത്താഴത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്റ് എസ്.ആര്‍ ശാലിനി എന്നിവരുടെ മേല്‍നോട്ടത്തിലാണ് മത്സരം നടന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയപ്രകാശ് പൂവത്തിങ്കല്‍, അക്കൗണ്ട്‌സ് ഓഫീസര്‍ ജസ്റ്റിന്‍ സി. ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍ സി.ആര്‍ ഗംഗാദത്ത് ചടങ്ങിന് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സി. മിനി നന്ദിയും പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പുതിയ രുചി വൈഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പോഷക സമ്പുഷ്ടമായ ആരോഗ്യമുള്ള വിദ്യാര്‍ത്ഥി തലമുറയെ വളര്‍ത്തിയെടുക്കുന്നതിനും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന പാചകത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് പാചക മത്സരം സംഘടിപ്പിച്ചത്. ഒന്നാം ഘട്ടമായി ഉപജില്ലാതലത്തിലും രണ്ടാം ഘട്ടമായി ജില്ലാതലത്തിലുമാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 12 ഉപജില്ലകളിലായി 948 വിദ്യാലയങ്ങളും 2,11,150 വിദ്യാര്‍ത്ഥികളും ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത് 1061 പാചക തൊഴിലാളികളാണ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!