വടക്കാഞ്ചേരിയിലെ പ്രതിഭകളെ ആദരിച്ചു
വിദ്യാർത്ഥികൾ വായനയെ ലഹരിയാക്കി മുന്നേറണമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “എം.എൽ.എയുടെ ആദരം” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വയലാറിന്റെ ശ്രീനാരായണഗുരു എന്ന കവിതയും മുരുകൻ കാട്ടാക്കടയുടെ ബാഗ്ദാദും കുമാരനാശാന്റെ കരുണയും, ചണ്ഡാലഭിക്ഷുകിയും ഉൾപ്പെടെയുള്ള കവിതകൾ ചൊല്ലി മന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു. സിലബസുകൾക്ക് അപ്പുറത്ത് അറിവിന്റെ ആഴങ്ങൾ മനസ്സിലാക്കുന്ന വൈജ്ഞാനികത ഓരോരുത്തരും കണ്ടെത്തണം. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ കാര്യക്ഷമമായ മാറ്റങ്ങൾ ഈ സർക്കാരിന് കൊണ്ടുവരാനായതായും മന്ത്രി പറഞ്ഞു. പഠനം പൂർത്തിയാകുന്നതിനൊപ്പം ക്യാമ്പസ് സെലക്ഷനുകളിലൂടെ ജോലി ലഭ്യമാക്കുന്ന നിരവധി കോഴ്സുകൾ ആരംഭിച്ചു. നിർബന്ധ ബുദ്ധികളില്ലാതെ ഓരോ വിദ്യാർത്ഥിക്കും അവരുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് പഠിക്കാൻ രക്ഷിതാക്കൾ ഒപ്പം നിന്ന് അവസരമൊരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൃശ്ശൂർ മെഡിക്കൽ കോളേജ് അലുമ്നി അക്കാദമിക് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷനായി. എസ് എസ് എൽ സി, പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകൾ, വിവിധ മത്സര പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച പ്രതിഭകൾ, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾ, മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സംഘങ്ങൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. എല്ലാ പ്രതിഭകൾക്കും ആദരവും ആദരം വാങ്ങുന്ന ഫോട്ടോ ഫ്രെയിമും ചടങ്ങിൽ കൈമാറി.
എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.കെ ഉഷാദേവി, ടി.വി സുനിൽകുമാർ, ലക്ഷ്മി വിശ്വംഭരൻ, സിമി അജിത് കുമാർ, തങ്കമണി ശങ്കുണ്ണി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി വികാസ് രാജ് സ്വാഗതവും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലെനിൻ നന്ദിയും പറഞ്ഞു.