ഫ്ലഡ് ലൈറ്റിൽ തിളങ്ങി നിൽക്കുന്ന സിനഗോഗ് മാളയിലെ ഏറ്റവും നയന മനോഹരമായ രാത്രി കാഴ്ചയായി മാറി കഴിഞ്ഞു.
മാളഃ വി ആർ സുനിൽകുമാർ എം എൽ എ യുടെ സ്വപ്ന പദ്ധതികളിലൊന്നായ യഹൂദ സിനഗോഗ് നവീകരണം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി സൗന്ദര്യവത്ക്കരണം നടത്തുന്ന മാളയിലെ സിനഗോഗിന് ചുറ്റും ഫ്ലഡ് പ്ലൈറ്റുകൾ സ്ഥാപിച്ചു.
ഫ്ലഡ് ലൈറ്റിൽ തിളങ്ങി നിൽക്കുന്ന സിനഗോഗ് മാളയിലെ ഏറ്റവും നയന മനോഹരമായ രാത്രി കാഴ്ചയായി മാറി കഴിഞ്ഞു.
സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ സിനഗോഗിൻ്റെ മുൻവശത്തുണ്ടായിരുന്ന എട്ട് കടമുറികളാണ് പൊന്നുംവില നൽകി സർക്കാർ ഏറ്റെടുത്തത്. കൊടുങ്ങല്ലൂർ-കൊടകര സംസ്ഥാന പാതയോട് ചേർന്നുള്ള ഈ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെയാണ് മാള അങ്ങാടിയിൽ നിന്നും സിഗഗോഗിനെ പൂർണ്ണമായും കാണാൻ സാധിച്ചത്.
സിനഗോഗിന് സമീപമുണ്ടായിരുന്ന ഭൂരിപക്ഷം കെട്ടിടങ്ങളും യഹൂദരുടെ കച്ചവട സ്ഥാപനങ്ങളും മറ്റുമായിരുന്നെങ്കിലും നിലവിൽ ഈ കെട്ടിടമുറികൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിലായിരുന്നു. പൈതൃകം നിലനിറുത്തി കൊണ്ടു തന്നെ യഹൂദ സിനഗോഗും പരിസരവും കൂടുതൽ സൗന്ദര്യത്തോടെ നിലനിറുത്തുന്നതിന് ഈ പ്രദേശവും ആവശ്യമായി വന്നതിനാലാണ്എട്ട് കട മുറികൾ സർക്കാർ ഏറ്റെടുത്തത്.
ആരംഭത്തിൽ വ്യാപാരികളിൽ നിന്നും പ്രതിഷേധം ഉണ്ടായെങ്കിലും വി ആർ സുനിൽകുമാർ എം എൽ എയുടെ ശക്തമായ ഇടപെടലുകളും വ്യാപാരികളുമായുള്ള നിരന്തരമായ ചർച്ചയിലൂടെ രൂപപ്പെട്ട ധാരണയിലൂടെയുമാണ് രണ്ടര വർഷം മുന്‍പ് പുരാവസ്തു വകുപ്പ് കടമുറികൾ ഏറ്റെടുത്ത് ഒഴിപ്പിച്ചത്. ഇതിനകംതന്നെ സിനഗോഗിൻ്റെ ചുറ്റുവട്ടങ്ങൾ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സിനഗോഗിലേക്ക് കിഴക്കുനിന്നുള്ള പ്രവേശന മാർഗ്ഗം പുന:സ്ഥാപിച്ചതോടെ സിനഗോഗ് കാണാനെത്തുവരുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുണ്ടായതായി പറയുന്നു.
സിനഗോഗിൻ്റെ സംരക്ഷണ നടപടികളുടെ തുടർച്ചയെന്ന നിലക്കാണ് നാലുവശവും ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചത്. സിനഗോഗിൽ മ്യൂസിയം, ചുറ്റുമുള്ള സ്ഥലത്ത് ലാൻ്റ് സ്കേപ്പിംഗ്, സന്ദർശകർക്കുള്ള വിശ്രമമുറികൾ, ആധുനിക ടോയ്ലറ്റുകൾ സ്ഥാപിക്കൽ, ഏറ്റെടുത്ത സ്ഥലത്ത് റോഡിൽ നിന്നും പ്രവേശന കവാടം നിർമ്മിക്കൽ കൂടാതെ കുപ്പിക്കഴുത്തായി സ്ഥിതി ചെയ്യുന്ന സിനഗോഗ് നെയ്തക്കുടി റോഡിൻ്റെ പ്രവേശനക്കവാടം വീതികൂട്ടൽ, ചുറ്റുമതിൽ നിർമ്മാണം എന്നിവയാണ് ഇനി നടപ്പിലാക്കേണ്ടതായുള്ള പദ്ധതികള്‍. മാളയിലെ നിർദ്ദിഷ്ട മുസിരിസ് പൈതൃക പദ്ധതികൾ യഥാർത്ഥ്യമാകുന്നതോടു കൂടി മാള ടൗൺ ഒരു ഹെറിട്ടേജ് ടൂറിസം ഹബ്ബായി മാറുന്നതോടെ കൂടുതല്‍ വികസനത്തിനും വഴിതുറക്കുമെന്നണ് പ്രതീക്ഷ.