Channel 17

live

channel17 live

വീരാൻകുടി, അരേക്കാപ്പ് ഉന്നതികൾ സന്ദർശിച്ച് ജില്ലാ കലക്ടർ; പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വീരാൻകുടി, അരേക്കാപ്പ് ഉന്നതികളിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി. കാലവർഷം രൂക്ഷമാകുമ്പോൾ പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വീരാൻകുടി ഉന്നതിയിലെ നിവാസികൾ ഞണ്ടുചുട്ടാൻപാറയിൽ താൽക്കാലിക കുടിൽകെട്ടി താമസം തുടങ്ങിയിരുന്നു. ഇവിടെ വസിക്കാൻ അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ ജിയോളജിസ്റ്റ് അടക്കമുള്ള സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംഘം അടുത്ത ആഴ്ച തന്നെ പരിശോധന നടത്തും.

അരേക്കാപ്പ് ഉന്നതിയിൽ നിലവിൽ 28 കുടുംബങ്ങളാണ് ഉള്ളത്. സ്ഥിരമായി മാറ്റി താമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഭൂരിഭാഗം പേർക്കും പ്രദേശം വിട്ടു പോകാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. അതേസമയം, കാട് വിട്ടു മാറി താമസിക്കാൻ ചെറിയ വിഭാഗം വിമുഖതയും പ്രകടിപ്പിച്ചു. എത്രപേർ പോകാൻ തയ്യാറാണെന്ന് അറിയാൻ ഊരുകൂട്ടം ചേർന്ന് തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി. മാരംകോടും വെറ്റിലപാറയുമാണ് പ്രദേശവാസികൾ മാറി താമസിക്കുന്നതിന് ആവശ്യപ്പെട്ടത്. അനുയോജ്യമായ ഭൂമി കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ സ്ഥലങ്ങളിലും ഉടനെ പരിശോധന നടത്താൻ വനം, ജിയോളജിസ്റ്റ് ഉൾപ്പെട്ട സംഘത്തിന് നിർദ്ദേശം നൽകി. ഊരുമൂപ്പൻ, മറ്റു ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഇവരുടെ സമ്മതത്തോടെയാണ് പരിശോധന നടത്തുക. തുടർന്ന്, മാറി താമസിക്കാൻ തയ്യാറാകുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

തുടർന്ന് മലക്കപ്പാറയിലെ ട്രൈബൽ ഒ.പി ക്ലിനിക്കും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ക്ലിനിക് തുടർന്നും പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികളും ഉടൻ സ്വീകരിക്കും. ഗതാഗത സൗകര്യം, ബാങ്കിംഗ് സൗകര്യം, അക്ഷയ സെന്ററുകൾ ഉണ്ടാവണമെന്ന ആവശ്യങ്ങളും മലക്കപ്പാറ നിവാസികൾ മുന്നോട്ടുവെച്ചു. ഇത്തരം അപ്പര്യാപ്തതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

മലക്കപ്പാറയിൽ നിന്ന് താഴേക്ക് ചെങ്കുത്തായ നടപ്പാതയിലൂടെ നാലര കിലോമീറ്റർ സഞ്ചരിച്ചാണ് കലക്ടറും സംഘവും എത്തിയത്. സന്ദർശനത്തിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ആതിര ദേവരാജ്, വൈസ് പ്രസിഡന്റ് സൗമിനി ലാൽ, വാർഡ് അംഗം നാഗലപ്പൻ, മലയാറ്റൂർ ഡി എഫ് ഒ കുറാ ശ്രീനിവാസ്, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ ഹെറാൾഡ് ജോൺ, തഹസിൽദാർ മജീദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, മറ്റു വനം, റവന്യൂ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!