Channel 17

live

channel17 live

‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’

തൃശൂരിലെ ഓരോ വോട്ടര്‍മാരും ഇനിമുതല്‍ വി.ഐ.പി.കള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേര്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലയുടെ ടാഗ് ലൈന്‍ വി.ഐ.പിയുടെ ലോഗോ പ്രകാശനം പ്രമുഖ ഫുട്ബാള്‍ താരം ഐ എം വിജയന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജയ്ക്ക് നല്‍കി നിര്‍വഹിച്ചു.

ജനാധിപത്യ സംവിധാനത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ള ഓരോരത്തരും വി.ഐ.പികളാണെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഏവരുടെയും സഹകരണവും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. യാതൊരു വിവേചനുമില്ലാതെ എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന വി.ഐ.പി എന്ന നൂതന ആശയം സ്വാഗതാര്‍ഹമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഐ എം വിജയന്‍ പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സിങ് റൂമില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജ്യോതി, മറ്റ് ഡെപ്യൂട്ടി കലക്ടര്‍മാരായ ഡി.അമൃതവല്ലി, അതുല്‍ എസ് നാഥ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ട് ചെയ്യൂ… വി.ഐ.പി ആകൂ…

‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, വോട്ട് ചെയ്യൂ വി.ഐ.പി ആകൂ എന്ന ആശയമാണ് ക്യാമ്പയിന്‍ ഉയര്‍ത്തി കാണിക്കുന്നത്. അരികുവത്കൃത ജനവിഭാഗങ്ങളെയും നവ വോട്ടര്‍മാരെയും വോട്ടിങ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് ടാഗ് ലൈന്‍ രൂപീകരിച്ചിട്ടുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍, മത്സ്യതൊഴിലാളികള്‍, ട്രൈബല്‍ മേഖലയില്‍ ഉള്ളവര്‍, വയോജനങ്ങള്‍, 18 പൂര്‍ത്തിയായ നവ വോട്ടര്‍മാര്‍, തീരദേശവാസികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ മുന്നോട്ട് എത്തിക്കുകയാണ് വി.ഐ.പി ക്യാമ്പയിനിന്റെ ലക്ഷ്യം. ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജയാണ് ആശയത്തിന് രൂപം നല്‍കിയത്.

പൊതുവെ സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു വിഭാഗം ജനങ്ങള്‍ എന്ന അര്‍ഥത്തെ മാറ്റിയെഴുതുക കൂടിയാണ് വി.ഐ.പി ക്യാമ്പയിന്‍. വോട്ട് ചെയ്യാന്‍ അധികാരമുള്ള ഓരോ പൗരനുമാണ് യഥാര്‍ഥത്തില്‍ വി.ഐ.പിയെന്നും ജനാധിപത്യ പ്രക്രിയയില്‍ ഓരോ സമ്മതിദായകരും വഹിക്കുന്ന കര്‍ത്തവ്യം എത്രത്തോളമാണെന്ന ആശയമാണ് ക്യാമ്പയിന്‍ മുന്നോട്ടു വെയ്ക്കുന്നത്. വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ 18 വയസ് തികഞ്ഞവര്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവര്‍ വി.ഐ.പി.കളാകുന്ന സന്ദേശമാണ് ജില്ലയില്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുഖമുദ്ര.

നഗരം, തീരദേശം, ട്രൈബല്‍, മുതിര്‍ന്ന പൗരര്‍, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍, യുവജനങ്ങള്‍ തുടങ്ങി വിവിധ മേഖലകളായി തിരിച്ചാണ് ജില്ലയില്‍ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും ഓരോ എ.ആര്‍.ഒ.മാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തിലും വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

വോട്ടിങ് മഷിയുടെ പങ്ക് വ്യക്തമാക്കി ലോഗോ

ജനാധിപത്യ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കുന്നതില്‍ മായ്ക്കപ്പെടാത്ത മഷി എന്ന അര്‍ഥം വരുന്ന ഇന്‍ഡെലിബില്‍ ഇങ്ക് വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ ആശയം ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് വി.ഐ.പി ലോഗോയുടെയും രൂപകല്‍പന. വി (V) എന്ന ഇംഗ്ലീഷ് അക്ഷരം വോട്ടിങ് മഷിയുടെ നിറത്തിലും ഐ (I), പി (P) അക്ഷരങ്ങള്‍ ഇളം പച്ച നിറത്തിലുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. പബ്ലിക് എന്ന അര്‍ഥം വരുന്ന പി അക്ഷരം ചൂണ്ടുവിരലില്‍ വോട്ടിങ് മഷി പുരട്ടിയ മാതൃകയിലുമാണ് ലോഗോ ആവിഷ്‌കരിച്ചിരിക്കുന്നത്.

യുവ വോട്ടര്‍മാര്‍; 4658 ല്‍ നിന്ന് 40404 ലേക്ക്

2023 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് പ്രകാരം 18-19 വയസുള്ള വോട്ടര്‍മാര്‍ 4658 ആയിരുന്നു. എന്നാല്‍ ഈ ജനുവരിയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 35551 ആയി ഉയര്‍ന്നു. മാര്‍ച്ച് ഒന്നിലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 18-19 വയസ്സുള്ള വോട്ടര്‍മാരുടെ എണ്ണം 40404 ആയി- 767 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച 83 രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ മുഖേനയും യുവവോട്ടര്‍മാരെ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തിയ ക്യാമ്പുകളിലൂടെയുമാണ് ഈ നോട്ടം കൈവരിക്കാനായത്. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് മുഖേനയും voters.eci.gov.in വെബ്‌സൈറ്റ് വഴിയും വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടതായി പരിശോധിക്കാവുന്നതാണ്.

വി.ഐ.പി വീഡിയോ ലോഞ്ച് നാലിന്

‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, വോട്ട് ചെയ്യൂ വി.ഐ.പി ആകൂ എന്ന ആശയം മുന്നോട്ടുവെയ്ക്കുന്ന വി.ഐ.പി ക്യാമ്പയിനിന്റെ വീഡിയോ ലോഞ്ച് മാര്‍ച്ച് നാലിന് കിലയില്‍ രാവിലെ 10.30ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. അന്നേദിവസം ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!