വോളണ്ടീയേർസ് ഓഫ് ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ എമ്പവർമെന്റ് (“VOiCE”) ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചിരിക്ലബ്ബ്, കേരള പിറവി ദിനമായ നവംബർ 1 ന് രാവിലെ 7.30 ന് ചാലക്കുടി നഗരസഭ കലാഭവൻ മണി പാർക്കിൽ ആരംഭിച്ചു. കൊരട്ടി ചിരിക്ലബ്ബ് പ്രസിഡന്റ് മോഹൻദാസ്, കോ ഓർഡിനേറ്റർ റപ്പായി, കുഞ്ഞുമോൻ കൊരട്ടി എന്നിവർ ചിരിക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചു. ചിരികളിലൂടെയും ശ്വാസനത്തിലൂടെയും ശബ്ദവിന്യാസത്തിലൂടെയും വിവിധ എക്‌സർസൈസിലൂടെയും ശരീരമാസകലം ഉണർവ് നൽകുന്ന ഒരു പ്രത്യേകതരം വ്യായാമമാണ് ചിരിക്ലബ്ബിലൂടെ നമ്മൾ സ്വായത്തമാക്കുന്നതെന്ന് ചിരിക്ലബ്ബ് ഇൻസ്ട്രക്ട്ടറായ അലൻ ജോസ് വിശദീകരിച്ചു.
ചാലക്കുടിയിൽ ചിരിക്ലബ്ബ് തുടങ്ങാൻ എല്ലാവിധ പ്രോത്സാഹനവും നൽകുന്ന കൊരട്ടി ഗ്രീൻപാർക്ക് ചിരിക്ലബ്ബിലെ എല്ലാ അംഗങ്ങളെയും “VOiCE” ന്റെ പ്രസിഡന്റ് വിൽസൻ കല്ലൻ നന്ദിയോടെ ഓർത്തു. പ്രത്യേകതരം വ്യായാമത്തിലൂടെ ചാലക്കുടിയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് സൗകര്യം ഒരുക്കി തന്ന നഗരസഭ അധികാരികൾക്കും ഹൃദയപൂർവ്വം നന്ദിപറയുന്നു. 2024 നവംബർ 4 തിങ്കളാഴ്ച മുതൽ ദിവസവും രാവിലെ 7.15 മുതൽ 8 മണി വരെയുള്ള ചിരിക്ലബ്ബ് വ്യായാമത്തിലേക്ക് എല്ലാ പൊതുജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.