പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല കലാ ഉത്സവ് 2023 സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല കലാ ഉത്സവ് 2023 സംഘടിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു.
തൃശൂർ നഗരത്തിലെ 10 വേദികളിലായാണ് കലാ ഉത്സവ് സംഘടിപ്പിച്ചത്. 14 ജില്ലകളിൽ നിന്നായി ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 280 വിദ്യാർഥികൾ കലാ ഉത്സവിൽ പങ്കെടുത്തു. പത്ത് ഇനങ്ങളിൽ ആൺ, പെൺ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. വിജയികൾക്ക് സർട്ടിഫിക്കറ്റും ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിക്കും.
തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സമഗ്ര ശിക്ഷ കേരള അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കെ എസ് ശ്രീകല സ്വാഗതം ആശംസിച്ചു. തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പത്മശ്രീ പെരുവനം കുട്ടൻമാരാർ ചടങ്ങിൽ മുഖ്യാതിഥിയായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ എൻ എ ഗോപകുമാർ, കൗൺസിലർ റെജി ജോയ്, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എൻ ജെ ബിനോയി തുടങ്ങിയവർ പങ്കെടുത്തു.