സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഇക്കുറി മികച്ച മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ തൃശ്ശൂർ ജില്ല. മേളയിലെ 98 ഇനങ്ങളിലും പങ്കെടുക്കുന്ന 214 കായിക താരങ്ങളും അതിനായുള്ള കഠിന പരിശീലനത്തിലാണ്. 105 പെൺകുട്ടികളും 109 ആൺകുട്ടികളുമാണ് ഇത്തവണ സ്വര്‍ണ്ണം നേടാന്‍ ജില്ലയ്ക്കു വേണ്ടി കച്ചകെട്ടുന്നത്.
ജില്ലയിലെ കായിക വികസന പദ്ധതികളിൽ നിന്നുമുള്ള ഊർജം ഉൾക്കൊണ്ടാണ് ഇത്തവണ കായിക താരങ്ങൾ ട്രാക്കിലെത്തുന്നത്. റവന്യൂ ജില്ലാ കായിക മേള നടന്ന സിന്തറ്റിക് ട്രാക്കിൽ മികവു പ്രകടിപ്പിച്ച ആവേശത്തിലാണ് കായിക പ്രതിഭകൾ വീണ്ടും കുന്നംകുളത്തെത്തുന്നത്.
കഴിഞ്ഞ വർഷം ആറാം സ്ഥാനമായിരുന്നു ജില്ലയ്ക്ക്. പ്രധാന ഇനങ്ങളായ ജംപിങ്, ട്രാക്ക് എന്നിവയില്‍ മികച്ച മുന്നേറ്റം നടത്തി ഇത്തവണ നൂറ് പോയിന്റ് കടക്കാമെന്ന പ്രതീക്ഷയിലാണ് മാനേജർമാർ. ഡിഡി ഇൻ ചാർജ് ബാബു എം പ്രസാദ്, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ എ എസ് മിഥുൻ, റവന്യൂ സെക്രട്ടറി ഗിറ്റ്സൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ല ഇത്തവണ കായികമേളക്കെത്തുന്നത്.