മയക്കുമരുന്ന്, മതാന്ധത, മലിനീകരണം അപകടകരമായ ഈ മൂന്ന് വിപത്തുകൾക്കെതിരെ വലിയ സമരമാണ് കാലം പുതുതലമുറയെ ചുമതലപ്പെടുത്തുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കൂർക്കഞ്ചേരി ജെ പി ഇ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്ഥലം എം എൽ എ കൂടിയായ റവന്യൂ മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേവലം പാഠഭാഗങ്ങളിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലൂടെയും നല്ല കുട്ടികളെ വളർത്തിക്കൊണ്ടുവരിക എന്ന ശ്രമകരമായ ലക്ഷ്യത്തിലേക്ക് നാം എത്തണം.
സമൂഹത്തിനുമുന്നിൽ ഏറ്റവും നല്ല മാർക്ക് വാങ്ങിയ കുട്ടി എന്ന് അറിയപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. നമ്മുടെ സമൂഹത്തെ കുറിച്ച് ആർദ്രതയോടെ ചിന്തിക്കാനും ഒപ്പം ഇരിക്കുന്ന സഹപാഠികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ഒരു അപകടം ഉണ്ടായാൽ ഒപ്പം ദുഃഖിക്കാനും സന്തോഷം ഉണ്ടായാൽ അവർക്കൊപ്പം സന്തോഷിക്കാനും കഴിയുന്ന ഒരു മനസ്സു സൂക്ഷിക്കുന്ന കുട്ടികളെ വർത്തിക്കൊണ്ടു വരണം.
കലാലയങ്ങളിൽ എൻഎസ്എസ് യൂണിറ്റുകളും സ്റ്റുഡൻസ് പോലീസ് കേഡറ്റ് വിഭാഗവും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നത് അത്തരം ഒരു ലക്ഷ്യത്തിനാവണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക്കു കൊണ്ട് പൊതിഞ്ഞ ഉപഹാരങ്ങൾ നൽകി അതിഥികളെ സ്വീകരിക്കുന്ന ശീലങ്ങൾ ഉപേക്ഷിക്കുന്നത് ഉൾപ്പെടെ, സമൂഹത്തിനുവേണ്ടി ജീവിതം കൊണ്ട് വലിയ സമരം നടത്താൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ വിനോദ് പൊള്ളഞ്ചേരി അധ്യക്ഷത വഹിച്ചു. എൻ ജെ സുമേഷ് മാത്യു എൻ എസ് എസ് സന്ദേശം നൽകി. സ്കൂൾ മാനേജർ ഇ ഡി തോമസ്, പിടിഎ പ്രസിഡന്റ് പി യു പ്രശാന്ത് എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ പ്രധാനധ്യാപിക സി എസ് വൃന്ദ സ്വാഗതവും ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജിനി ജോസ് നന്ദിയും പറഞ്ഞു.
സമൂഹത്തിനുവേണ്ടി ജീവിതം കൊണ്ട് സമരം നടത്താൻ കുട്ടികളെ പ്രാപ്തരാക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് മന്ത്രി രാജൻ
