Channel 17

live

channel17 live

സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം: ജില്ലാ വികസന സമിതി യോഗം

ഭൂമി കൈയേറ്റം ഒഴിവാക്കുന്നതിന് അതത് വകുപ്പുകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനുള്ള നടപടിസ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. എ.ഡി.എം ടി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമികള്‍ കൃത്യമായി റെക്കോര്‍ഡ് പരിശോധിച്ച് അതിര്‍ത്തി ഉള്‍പ്പെടെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള കൈ യേറ്റം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സമയബന്ധിതമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്ത് ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി. ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃക പെരുമാറ്റ നിലവിൽ വരുന്നതിനു മുമ്പ് വിവിധ പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കണമെന്നും യോഗം വ്യക്തമാക്കി.

പുന്നയൂര്‍ ഫിഷറീസ് കോളനിയില്‍ 14 പേര്‍ക്ക് പട്ടയം നല്‍കണമെന്നും പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ സുനാമി കോളനിയിലെ വാസയോഗ്യമാക്കണമെന്നും ചാവക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം അപേക്ഷ നല്‍കിയ ഓഫീസുകള്‍ക്ക് ഉടനെ അനുവദിച്ച് നല്‍കണമെന്നും എന്‍.കെ അക്ബര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ അതിഥി മന്ദിരം നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പൂമല ഡാം ഉള്‍പ്പെടുന്ന കിള്ളന്നൂര്‍ വില്ലേജിന്റെ സാറ്റ്‌ലൈറ്റ് ഡിജിറ്റല്‍ സര്‍വേയ്ക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണം, മെഡിക്കല്‍ കോളജിന് സമീപം തലപ്പിള്ളി ഭാഗത്ത് റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് യോഗം ചേരണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. മാലിന്യമുക്തം നവകേരളം, ഹരിത കേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ പദ്ധതികള്‍ സംബന്ധിച്ച് പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.

എസ്.എന്‍ പുരം, എറിയാട്, എടവിലങ്ങ് എന്നീ പഞ്ചായത്തുകളില്‍ ഒഴിഞ്ഞുക്കിടക്കുന്ന സുനാമി വീടുകളില്‍ അര്‍ഹരായവരെ ഉടനെ കണ്ടെത്തി താമസിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ നിസാര കാര്യങ്ങള്‍ കാരണം കാണിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യാത്ത നടപടി പരിശോധിക്കണമെന്നും യോഗത്തില്‍ ഉന്നയിച്ചു.

പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാകുന്നതിന് ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു. വരന്തരപ്പിള്ളി പഞ്ചായത്തിലെ മാട്ടുമലയില്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. തൊട്ടിപ്പോള്‍, മറ്റത്തൂര്‍ വില്ലേജ് ഓഫീസുകളുടെ നിര്‍മാണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിച്ച് മുറിച്ചുമാറ്റാമെന്ന് ജില്ലാ വികസന സമിതി യോഗം വ്യക്തമാക്കി. ഇ- ഡിസ്ട്രിക് പോട്ടല്‍ മുഖേനെ പരാതിപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളും ലഭ്യമാകാത്ത സ്ഥിതി പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. മുണ്ടൂര്‍ സെന്ററിലെ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനക്ഷമമാക്കിയതായും യോഗത്തെ അറിയിച്ചു.

ജില്ലയില്‍ ഉണ്ടായ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടങ്ങള്‍ക്ക് സഹായം ലഭ്യമാക്കുക, കൃഷിയുമായി ബന്ധപ്പെട്ട സബ്‌സിഡി അനുവദിക്കുന്നത് വേഗത്തിലാക്കുക, കൃഷിഭവനുകളില്‍ കെ.വൈ.സി അപ്‌ഡേഷന്‍ നടത്തുന്നതിന് നടപടിയെടുക്കുക, ജില്ലയിലെ റോഡ് റീ-സ്റ്റേറേഷന്‍ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ വിവിധ വിഷയങ്ങളും യോഗത്തില്‍ ഉന്നയിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ വിപുലമായി നടത്തുന്നതിന് സെപ്റ്റംബര്‍ ആറിന് ജില്ലാതല നിര്‍വഹണ സമിതി രൂപീകരണ യോഗം ചേരുമെന്നും അറിയിച്ചു.

കളക്ട്രേറ്റ് എക്സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ എന്‍.കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, കെ.കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, മന്ത്രി കെ. രാജന്റെ പ്രതിനിധി പ്രസാദ്, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രഘുനാഥ് സി. മേനോന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!