Channel 17

live

channel17 live

സഹകരണ സംഘങ്ങൾ സാധാരണക്കാരുടെ ആശ്രയം: ഡോ. ആർ ബിന്ദു

സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങൾ എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.

സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങൾ എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ആനന്ദപുരം പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ പുനർജനി സഹകരണ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുനർജനി സഹകരണ സൂപ്പർമാർക്കറ്റിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.

ലോകത്തിന്റെ മുൻപിൽ മാതൃകയായി നിൽക്കുന്ന ഒന്നാണ് സഹകരണ സംഘങ്ങൾ. നിരവധി പേരുടെ ജീവിതത്തെ സ്പർശിക്കാവുന്ന വിധത്തിലുള്ള ഇടപെടലുകൾ നടത്താൻ സംഘങ്ങൾക്ക് കഴിയും. കേരളത്തിന്റെ സമ്പദ്ഘടനയുടെ വിപുലീകരണത്തിന് ഏറ്റവും വലിയ സംഭാവനകൾ നൽകാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിരുവൽക്കരിക്കപ്പെട്ട ജനതയുടെ സാമൂഹികമായ മുന്നേറ്റത്തിനും ശാക്തീകരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും താങ്ങും തണലുമായി സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകൾ വിനിയോഗിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തണമെന്നും മന്ത്രി അഭിപ്രായപെട്ടു.

പട്ടികജാതി സഹകരണ പ്രസ്ഥാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് പുനർജനി. പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 13 ലക്ഷം രൂപ ചെലവഴിച്ച് സംഘത്തിന്റെ നാമാവശേഷമായ കെട്ടിടം പുതുക്കി പണിതു. പുനർജനി സഹകരണ സൂപ്പർമാർക്കറ്റ് എന്ന പുതിയ സംരംഭവും തുടങ്ങി.

ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥിയായി സംസാരിച്ചു. സംഘം പ്രസിഡന്റ് പി കെ തങ്കപ്പൻ, സെക്രട്ടറി സന്ധ്യ പി കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ജില്ലാ സഹകരണ വകുപ്പ് എ ആർ സിന്ധു പി ബി, മുകുന്ദപുരം താലൂക്ക് യൂണിറ്റ് ഇൻസ്പെക്ടർ രശ്മി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!