തൃശൂർ ബിനി ഹെറിറ്റേജ് ഹാളിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും സംയുക്തമായി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് ട്രോഫി കേരളാ സ്റ്റേറ്റ് സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തിരുവനന്തപുരം കാച്ചാണി ഗവണ്മെൻ്റ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥ് ശ്രീകുമാർ ജേതാവായി. 7 റൗണ്ടുകളിൽ നിന്നും 6.5 പോയിൻ്റ് നേടിക്കൊണ്ടാണ് സിദ്ധാർത്ഥ് കിരീടം സ്വന്തമാക്കിയത്. സെക്രട്ടേറിയറ്റിൽ പൊതുഭരണ വകുപ്പിലെ ജീവനക്കാരനായ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ രാജ്ഭവനിൽ ജോലി ചെയ്യുന്ന ശ്രീകുമാർ കെ.സി.യുടെയും വള്ളക്കടവ് സർക്കാർ സിദ്ധ ഹോസ്പിറ്റലിൽ കരാർ ജീവനക്കാരിയായ അശ്വനി എസ്.ന്റെയും മകനാണ് സിദ്ധാർത്ഥ്. സത്യകി.ജി.ഗോകുൽ (തൃശൂർ), നീരദ് പി (കാസർഗോഡ്), അതുൽ കൃഷ്ണ പി (കോഴിക്കോട്), അക്ഷയ് ഏ ആർ (തിരുവനന്തപുരം), രഹാൻ രമേശ് (എറണാകുളം) എന്നിവർ 2 മുതൽ 6 വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദ്യ 4 സ്ഥാനക്കാർ ദേശീയ ചെസ് മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് കളിക്കും.
സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മേധാവിയും ഡെപ്യൂട്ടി ജനറൽ മാനേജരുമായ രാജേഷ് ഐ.ആർ.വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. സ്റ്റേറ്റ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി, സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഹെഡ് ഇന രാധാകൃഷ്ണൻ , സീനിയർ മാനേജർ പ്രീ ജോ സി.എൽ,ചെസ് തൃശൂർ രക്ഷാധികാരികളായ അജിത് കുമാർ രാജ, ഡേവിഡ് മാങ്ങൻ, പ്രസിഡണ്ട് ജയൻ പി.കെ. , സെക്രട്ടറി കെ.എസ്.പ്രീത, ടൂർണമെൻ്റ് കോഡിനേറ്റർ പ്രൊഫ.എൻ.ആർ.അനിൽകുമാർ, ചീഫ് ആർബിറ്റർ ഹരീഷ് ബി മേനോൻ, ചെസ് തൃശൂർ ട്രഷറർ സി.ടി.അഗസ്റ്റിൻ, എക്സി.അംഗം അനൂപ് ത്യാഗരാജൻ എന്നിവർ സംസാരിച്ചു.