തൃശ്ശൂർ: മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ എല്ലാവരും ഒരുമിക്കണമെന്ന് ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. സെക്യൂലർ ഫോറം തൃശ്ശൂർ സംഘടിപ്പിച്ച സെമിനാറിൽ, ‘സെക്യൂലർ സ്റ്റേറ്റ് : ജനാധിപത്യവിചാരങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതക്കെതിരെയുള്ള ദേശീയരാഷ്ട്രീയത്തിൻ്റെ പ്രതിഫലനം ലോകസഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായില്ല എന്നത് സെക്യുലർ ഡെമോക്രാറ്റുകളെല്ലാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സെക്യുലർ ഫോറം ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ ഇ.ഡി.ഡേവീസ് രചിച്ച ‘ഇ.എം.എസ്സും സെക്യുലറിസവും’ എന്ന പുസ്തകം കെ. ആർ. വിജയയ്ക്ക് നൽകി അദ്ദേഹം പ്രകാശിപ്പിച്ചു.മുൻ കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്യുലർ ടി ഷർട്ട് ലോഞ്ചിങ്ങ് മുൻ വനിതാമ്മീഷൻ അംഗവും ഇ.എം.എസ്സിൻ്റെ മകളുമായ ഇ.എം.രാധ , സൊലസ് സെക്രട്ടറി ഷീബ അമീറിന് നൽകി നിർവഹിച്ചു. സാംസ്കാരിക പ്രവർത്തകൻ പി.എസ്.ഇക്ബാൽ പുസ്തകപരിചയം നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാപ്രസിഡന്റ് സി.വിമല,സെക്യുലർ ഫോറം ജനറൽ കൺവീനർ ടി. സത്യനാരായണൻ, ഇ.ഡി.ഡേവീസ് , കെ.സുധാകരൻ, ടി.എൻ.ദേവദാസ് എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിലെ ഇരകൾക്ക് എം.എൻ ലീലാമ്മ അനുശോചനം രേഖപ്പെടുത്തി.ഞരളത്ത് ഹരിഗോവിന്ദൻ്റെ സെക്യുലർ ഗാനാലാപനവും പി.ഡി പൗലോസിൻ്റെ ‘കരിവീട്ടി’ നാടകത്തിൻ്റെ ഏകാംഗാവതരണവും അരങ്ങേറി.
സെക്യൂലറിസ്റ്റുകൾ ഒന്നിക്കണം: ഡോ.തോമസ് ഐസക്
