Channel 17

live

channel17 live

സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അപഹസിക്കുന്നത് ആശങ്കാജനകം: വനിതാ കമ്മീഷന്‍

കേരള വനിതാ കമ്മീഷന്‍ തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസ് ഹാളില്‍ നടത്തിയ തൃശൂര്‍ ജില്ലാതല സിറ്റിംഗില്‍ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പരാതി കേള്‍ക്കുന്നു.

സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അപഹസിക്കുന്നത് ആശങ്കാജനകവും ക്രൂരവുമാണെന്നും ഇത്തരം കേസുകളില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇടപെടല്‍ നടത്തുന്നത് ശക്തമാക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം. സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം, ലിംഗാവബോധം, പോക്‌സോ നിയമം, ലഹരഹിക്കെതിരേ ഉള്‍പ്പെടെ ബോധവല്‍ക്കരണ ക്ലാസുകള്‍ സ്‌കൂള്‍തലം മുതല്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.
അദാലത്തില്‍ 65 കേസുകള്‍ പരിഗണിച്ചതില്‍ 18 കേസ് തീര്‍പ്പാക്കി. നാലു കേസ് റിപ്പോര്‍ട്ടിനായി അയച്ചു. 43 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റി. വേണ്ടത്ര മാനസിക പക്വതയില്ലായ്മ, ലഹരി ഉപയോഗം, അമിത മദ്യപാനം, സാമ്പത്തിക പരാധീനതകള്‍ തുടങ്ങിയവയെല്ലാം കുടുംബ ബന്ധങ്ങളില്‍ വലിയ വിള്ളലുകളാണ് സൃഷ്ടിക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒത്തുതീര്‍പ്പ് വേണ്ടെന്നും ഇരുവരും ഒരുമിച്ച് ജീവിക്കുന്നിടത്ത് സ്വസ്ഥത ലഭിക്കില്ലെന്നും ചില കേസുകളിലെങ്കിലും മക്കള്‍ തന്നെ പറയുന്ന സാഹചര്യമുണ്ടായെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.
നാലു മക്കളുള്ള 70 വയസുള്ള അമ്മയ്ക്ക് ജീവനാംശം മക്കള്‍ പങ്കിട്ടു നല്‍കാന്‍ മടിക്കുന്ന കേസില്‍ വനിതാ കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരം 2007ലെ സീനിയര്‍ സിറ്റിസണ്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ആര്‍ഡിഒയ്ക്ക് കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാതാപിതാക്കള്‍ക്ക് ജീവനാംശം ലഭിക്കാത്ത സാഹചര്യത്തില്‍ അതത് വകുപ്പിനെ അറിയിച്ചുകൊണ്ട് കമ്മീഷന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്.
നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍ തുടങ്ങിയവയിലൂടെ ജാഗ്രതാസമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ നടന്നു വരുന്നു. ജാഗ്രതാ സമിതി വസ്തുനിഷ്ഠമായ പരിശോധനകള്‍ നടത്തുന്നതിലൂടെ നിരവധി കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ സഹായകരമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കമ്മീഷനംഗം പറഞ്ഞു. വനിത കമ്മീഷന്‍ അഡ്വക്കേറ്റ് പാനല്‍ അംഗങ്ങളായ അഡ്വ. സജിത അനില്‍, അഡ്വ. പി.എസ്. രജിത, കൗണ്‍സിലര്‍ മാലാ രമണന്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!