അവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായ ശുചീകരണ പ്രവൃത്തികൾ വിലയിരുത്തന്നതിൻ്റെ ഭാഗമായി കണ്ടശ്ശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവൺമെൻ്റ് എച്ച്.എസ്.എസ് ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെയാണ് പെയിൻ്റിംഗ് അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിൽ പുരോഗമിക്കുന്നത്. സ്കൂളിനോട് ചേർന്നുള്ള കാട്, അപകടകരമായ മരങ്ങൾ തുടങ്ങിയവ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വെട്ടി വൃത്തിയാക്കാനും ശുചീകരണ പ്രവൃത്തികൾ മെയ് 30 ന് മുന്നോടിയായി പൂർത്തിയാക്കാനും സ്കൂൾ അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.ഹൈസ്കൂൾ വിഭാഗത്തിന് കീഴിലുള്ള ഗ്രൗണ്ടിൻ്റെ പ്രവർത്തനം വിലയിരുത്തിയ കളക്ടർ വിപുലീകരണ പ്രവർത്തനങ്ങൾക്കായി ഗ്രൗണ്ട് സന്ദർശിച്ച് പരിശോധന നടത്താൻ അധികൃതർക്ക് നിർദേശം നൽകി. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി, എൽ പി വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂളിൻ്റെ ക്ലാസ് മുറികൾ, അടുക്കള, ടോയ്ലറ്റ്, ഓഫീസ്, തുടങ്ങിയവയുടെ പ്രവർത്തനവും കളക്ടർ വിലയിരുത്തി.
സന്ദർശനത്തിൻ്റെ ഭാഗമായി മണലൂർ ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൻ്റെ ഫിറ്റ്നസ് പരിശോധനയും നടന്നു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ അജിതകുമാരി, ഹയർസെക്കൻ്ററി വിഭാഗം പ്രിൻസിപ്പാൾ അബീദ, മണലൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വാണി തുടങ്ങിയവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.