സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.
സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനവും സുരക്ഷിതത്വവും ഉറപ്പാക്കാനും സ്ത്രീകളെ പ്രാപ്തമാക്കാനുമായി സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ അന്നമനട ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മീഷനംഗം.
ഭരണഘടന വിവക്ഷിക്കുന്ന സുരക്ഷ സ്ത്രീകളുടെ അവകാശമാണ്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയമവ്യവസ്ഥകള്‍ ശക്തമായി നടപ്പാക്കണം. പൊതുധാരയിലേക്ക് സ്ത്രീകള്‍ ധൈര്യമായി മുന്നോട്ട് വരണം. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ മാസവും തൃശൂര്‍ രാമനിലയത്തില്‍ വനിത കമ്മീഷന്‍ നടത്തുന്ന പ്രശ്ന പരിഹാര സിറ്റിംഗിലേക്കും തദ്ദേശ സ്ഥാപന തലത്തിലെ ജാഗ്രതാ സമിതികളിലേക്കും സ്തീകള്‍ ധൈര്യപൂര്‍വം കടന്നു വരണമെന്നും വനിത കമ്മീഷന്‍ അംഗം പറഞ്ഞു.
വനിത കമ്മീഷനും അന്നമനട ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ജില്ലാ സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. സ്ത്രീകളും, നിയമങ്ങളും എന്ന വിഷയത്തില്‍ അഡ്വ. പ്രിയ മോളും അതിക്രമങ്ങളും സ്ത്രീ സുരക്ഷയും എന്ന വിഷയത്തില്‍ കെ.ജി. ശശികലയും ക്ലാസ് നയിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ മുഖ്യാതിഥിയായി.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. ഇക്ബാല്‍, മെമ്പര്‍മാരായ കെ.കെ. രവി നമ്പൂതിരി, ഷീജ നസീര്‍, മോളി വര്‍ഗീസ്, കെ.എ. ബൈജു, മഞ്ജു സതീശന്‍, ടി.വി. സുരേഷ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലയ അരവിന്ദ്, സിഡിഎസ് സൂപ്പര്‍വൈസര്‍ സവിത ശശി, കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ സോന സൂര്യദേവ്, സെക്രട്ടറി യു.പി. വേണു തുടങ്ങിയവര്‍ പങ്കെടുത്തു.