വേളൂക്കര ഗ്രാമപഞ്ചായത്തും വേളൂക്കര കുടുംബ ആരോഗ്യ കേന്ദ്രവും ഇരിങ്ങാലക്കുട സെൻട്രൽ ലോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ് മോസ് ക്വിറ്റ് (SportsMosQuit) മത്സരത്തിന്റെ ലോഗോ പ്രകാശനവും റൂൾ ബുക്ക് പ്രകാശനവും വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി. ലോക കൊതുക ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് കൊതുകിന്റെ ഉറവിട നശീകരണ മത്സരമായ സ്പോർട്സ് മോസ് ക്വിറ്റ് പഞ്ചായത്ത് തല ചാമ്പ്യൻഷിപ്പിന്റെ ലോഗോയും റോൾ ബുക്കും പ്രകാശനം ചെയ്തത്. ലോഗോ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെൻസി ബിജു, ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡൻറ് ഷാജു ജോർജുമായി ചേർന്ന് നിർവഹിച്ചു. റൂൾബുക്ക് പ്രകാശനം ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗവരോഷ് പി.എം നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കെ.യു, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. സി എന്നിവർ സംസാരിച്ചു.
സ്പോർട്സ് മോസ് ക്വിറ്റ് (SportsMosQuit) മത്സരങ്ങൾ വിവിധ വാർഡുകളിലായി ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്നു വരെ നടത്തും. വേളൂക്കര പഞ്ചായത്തിൽ താമസിക്കുകയോ പഠിക്കുകയോ ചെയ്യുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും മത്സരത്തിൽ പങ്കാളികളാകാം. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനു വേണ്ടി വാർഡ് മെമ്പർ, ആശ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവരെ സമീപിക്കേണ്ടതാണ്. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും.