ഇരിങ്ങാലക്കുട : വീട്ടുവളപ്പിൽ നിന്നും തേക്കുകൾ വെട്ടിമാറ്റിയ കേസിൽ സ്വകാര്യ വ്യക്തിക്ക് നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് ഇരിങ്ങാലക്കുട അഡിഷണൽ മുൻസിഫ് സി ച്ച് അബീനയുടെ വിധി. പൂമംഗലം പഞ്ചായത്തിൽ കൽപ്പറമ്പ് കാട്ടൂക്കാരൻ റപ്പായി മകൻ ഡേവിസ് നൽകിയ ഹർജിയിലാണ് വിധി. 2015 മെയ് 11 ന് ആയിരുന്നു സംഭവം. പ്രവാസി കൂടിയായ ഡേവിസിൻ്റെ വീട്ടുവളപ്പിലെ തേക്ക് മരങ്ങളിൽ നിന്നുള്ള ഇലകളും മറ്റും തങ്ങളുടെ വീടുകളിലേക്ക് വന്ന് വീഴുന്നതായി കാണിച്ച് അയൽവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് നൽകിയ നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ മരങ്ങളുടെ കൊമ്പുകൾ ഡേവീസ് മുറിച്ച് മാറ്റിയിരുന്നു. എന്നാൽ സംഭവ ദിവസം പോലീസിൻ്റെ സാന്നിധ്യത്തിൽ മൂന്ന് തേക്ക് മരങ്ങൾ പൂർണ്ണമായും അഞ്ച് മരങ്ങൾ ഭാഗികമായും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റിയെന്നും 2,23,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡേവിസ് ഹർജി നൽകിയത്. വാദിക്ക് ഒന്നാം പ്രതിയായ പഞ്ചായത്ത് 79020 രൂപയും കോടതി ചിലവും നൽകണമെന്നാണ് ഉത്തരവായിട്ടുള്ളത്.തേക്കുകൾ വെട്ടി മാറ്റിയ ദിവസം ഡേവിസിൻ്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഹർജിക്കാരന് വേണ്ടി അഡ്വ സുഭാഷ് ചന്ദ്രബാബു, അഡ്വ സജിത്ത്കുമാർ എന്നിവർ ഹാജരായി.
സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ നിന്നും തേക്ക് മരങ്ങൾ വെട്ടിമാറ്റിയ കേസിൽ 79020 രൂപയും കോടതി ചിലവും നൽകാൻ പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് കോടതി ഉത്തരവ്
