അങ്കമാലി നിയോജകമണ്ഡലത്തിലെ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയുന്നതിനായി നബാര്‍ഡിന്‍റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന 7.47 കോടി രൂപയുടെ സൗരോര്‍ജ്ജ തൂക്ക് വേലി പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏഴാറ്റുമുഖം സെന്‍റ്. തോമസ് പള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതിക ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അതിരപ്പിളളി- ഏഴാറ്റുമുഖം ഉള്‍പ്പെടുന്ന പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റുകളിലും വനാതിര്‍ത്തിയിലും മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിനായി വാഴച്ചാല്‍ ഡി.എഫ്.ഒയുടെ നേത്യത്വത്തില്‍ പറമ്പികളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിന്‍റെ ഫലമായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി അങ്കമാലി നിയോജകമണ്ഡലത്തില്‍ വാഴച്ചാല്‍ ഡിവിഷനു കീഴില്‍ 60 കിലോമീറ്റര്‍ പ്രദേശത്തും, മലയാറ്റൂര്‍ ഡിവിഷനു കീഴില്‍ 30 കിലോമീറ്റര്‍ പ്രദേശത്തും, ചാലക്കുടി ഡിവിഷനു കീഴില്‍ 18 കിലോമീറ്റര്‍ പ്രദേശത്തുമാണ് തൂക്ക്വേലി സ്ഥാപിക്കുന്നത്. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ വെറ്റിലപ്പാറ അതിരപ്പിള്ളി കല്ലാല എസ്റ്റേറ്റുകള്‍ വ്യാപിച്ച് കിടക്കുന്നത് വാഴച്ചാല്‍, ചാലക്കുടി, മലയാറ്റൂര്‍ വനം ഡിവിഷനുകളുടെ പരിധിയിലാണ്. ഏകദേശം 24.5 സ്ക്വയര്‍മീറ്റര്‍ ഏരിയ ആണ് വാഴച്ചാല്‍ ഡിവിഷനില്‍ മാത്രം പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന് ലീസ് ആയി നല്‍കിയിരിക്കുന്നത്. പ്ലാന്‍റേഷന്‍ എസ്റ്റേറ്റുകളിലെ ജീവനക്കാരുടേയും വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങറളിലെ ജനങ്ങളുടേയും ജിവനും സ്വത്തിനും ക്യഷിക്കും സംരക്ഷണം നല്‍കുന്നതിനാണ് പ്രോജക്ററില്‍ വിഭാവനം ചെയ്യുന്നത്. അയ്യമ്പുഴ, ഏഴാറ്റുമുഖം, നെല്ലിപ്പോക്കറ്റ്, പറയന്‍പാറ, പുല്ലാനിത്തോട്, കുളിരാംതോട്, ആറാം ബ്ലോക്ക്, എയര്‍കൂള്‍ 1961ടിപി, 15-ാം ബ്ലോക്ക്, വെള്ളപ്പാറ, എരുമത്തടം എന്നീ പ്രദേശങ്ങലിലൂടെയാണ് സൗരോര്‍ജ്ജ തൂക്ക്വേലി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ പ്രദേശത്തേയും മലയാറ്റൂര്‍, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തുകളിലേയും രൂക്ഷമായ വന്യജീവി ആക്രമണത്തിന് ഒരു പരിധിവരെ പരിഹാരമാകും.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, വൈസ് പ്രസിഡന്‍റ് ബിജു കാവുങ്ങ, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ബിബീഷ്, ജില്ലാ പഞ്ചായത്തംഗം ഷൈനി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റാണി പോളി, ലാലി ആന്‍റു, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. ആടലരശന്‍ ഐ.എഫ്.എസ്, ഡി.എഫ്.ഒ മാരായ ആര്‍. ലക്ഷ്മി, കുറ ശ്രീനിവാസന്‍, രവികുമാര്‍ മീണ. എം. വെങ്കിടേശ്വരന്‍, ഏഴാറ്റുമുഖം പള്ളി വികാരി പീറ്റര്‍ തിരുതനത്തില്‍, പഞ്ചായത്തംഗങ്ങളായ ജോണി മൈപ്പാന്‍, കെ.എസ്.മൈക്കിള്‍, വര്‍ഗ്ഗീസ് മാണിക്കത്താന്‍, സിജി ജിജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.എം. വര്‍ഗ്ഗീസ്. കെ.പി. പോളി, കെ.പി.അയ്യപ്പന്‍, സി.എം. ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.