സൗരോർജ്ജ രംഗത്ത് അഭൂതപൂർവമായ വളർച്ചയാണ് കേരളം കൈവരിച്ചതെന്ന് വിദ്യുച്ഛക്തി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ തെരുവ് വിളക്ക് പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം പാറളം ഗ്രാമപഞ്ചത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പാറളം ഗ്രാമപഞ്ചായത്ത് ഇന്ന് ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. ഒരു ഗ്രാമപഞ്ചായത്തിൻ്റെ സുപ്രധാന കടമകളിൽ പെട്ടതാണ് ആ ഗ്രാമത്തിലെ മൂക്കിലും മൂലയിലും വെളിച്ചം എത്തിക്കുക എന്നത്. പാറളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ പിഡബ്ല്യുഡി റോഡുകളിലും പഞ്ചായത്ത് റോഡുകളിലും വെളിച്ച വിപ്ലവം സാധിച്ചിരിക്കുകയാണ്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനകീയവും ഭാവനാപൂർണവുമായ ഇടപെടലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഒന്നാമതായി ഈ നേട്ടം പാറളം പഞ്ചായത്തിന് കൈവരിക്കാനായത്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ തെരുവുവിളക്ക് പരിപാലനത്തിനു മാത്രം 62.69 ലക്ഷം രൂപ ചിലവഴിച്ചു. ഈ വർഷം ഇതേ ആവശ്യത്തിലേക്കായി 6.51 രൂപ വകയിരുത്തിയിട്ടുണ്ട്. അഞ്ചു വർഷംകൊണ്ട് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 89.20 ലക്ഷം രൂപ ചെലവഴിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ തെരുവ് വിളക്ക് പ്രഖ്യാപിത പഞ്ചായത്ത് ആകാനായത്.
പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി വിനയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശാ മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ജെയിംസ് പി പോൾ, കെ പ്രമോദ്, വിദ്യാ നന്ദനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിതാമണി, കെ.എസ്.ഇ ബി എക്സിക്യൂട്ടീവ് എൻജിനീയർ ടി.എച്ച് സാദിക്, വാർഡ് മെമ്പർമാരായ ജൂബി മാത്യു, പി.കെ ലിജീവ്, അനിത പ്രസന്നൻ, സുനിൽ കെ.ബി, സ്മിനു മുകേഷ്, സുബിത സുഭാഷ്, ഡാലി ബിനോയ്, അമ്മാടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.ആർ വർഗീസ് മാസ്റ്റർ, വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സതീഷ് ബാബു മാരാത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ജി വിനയൻ, സുഭാഷ് മാരാത്ത്, സന്തോഷ് അറക്കൽ, സുധീർ ചക്കാല പറമ്പിൽ. ഷണ്മുഖൻ, പഞ്ചായത്ത് സെക്രട്ടറി രേഖ വി.എസ് തുടങ്ങിയവർ സംസാരിച്ചു.