സർക്കാർ ഓഫീസിൽ ലഭ്യമായ രേഖകളുടെ ക്രോഡീകരിച്ച വിവരപ്പട്ടിക തയ്യാറാക്കി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ട ബാധ്യത ഓഫീസ് മേധാവികൾക്ക് ഉണ്ടെന്ന് വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. തൃശൂർ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസിൽ ലഭ്യമായ വിവരങ്ങൾ അപേക്ഷകർ ആവശ്യപ്പെട്ടാൽ ക്രോഡീകരിച്ചിട്ടില്ലെന്ന ഉത്തരം നൽകരുതെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ വിവരവകാശ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ടുദിവസങ്ങളിലായി നടന്ന സിറ്റിങ്ങിൽ പരിഗണിച്ച 58 പരാതികളിൽ 52 എണ്ണം തീർപ്പാക്കി. ആറെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. തദ്ദേശസ്വയംഭരണം, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, യൂണിവേഴ്സിറ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ഉണ്ടായിരുന്നത്.