Channel 17

live

channel17 live

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍ മെഡിക്കല്‍ കോളേജ്

കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ട്യൂമര്‍ മൂലം നടക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂര്‍ പുഴക്കല്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണത വര്‍ധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനര്‍ജീവനമായാണ് രോഗിയും ബന്ധുക്കളും കരുതുന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഒരു മാസം മുമ്പാണ് നടക്കാന്‍ പോലും കഴിയാതെ കാലില്‍ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. വിദഗ്ധ പരിശോധനയില്‍ ട്യൂമര്‍ ആണെന്ന് ബോധ്യപ്പെട്ടു. കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 30x30x15 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്യൂമറായിരുന്നു. കൂടാതെ രോഗിക്ക് ഹെപ്പറ്റെറ്റിസ് ഉണ്ടായിരുന്നതിനാല്‍ അധിക മുന്‍കരുതലുകള്‍ കൂടിയെടുത്തു. ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആറു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കാലിലേക്കുള്ള രക്തക്കുഴലുകള്‍, നാഡീഞരമ്പുകള്‍ എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ 10 കിലോ തൂക്കവും 30x30x15 സെന്റീമീറ്റര്‍ വ്യാപ്തിയുമുള്ള, സോഫ്റ്റ് ടിഷ്യൂ സാര്‍ക്കോമ നീക്കം ചെയ്തത്.

രോഗി സുഖം പ്രാപിച്ചപ്പോള്‍ അടുത്തഘട്ട ചികിത്സയ്ക്കായി റേഡിയോതെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും, ഫിസിയോതെറാപ്പി വിഭാഗത്തിന്റെ കൂടി ഇടപെടലോടെ കാലിലെ പേശികളുടെ തളര്‍ച്ച പരമാവധി കുറച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു. സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുമായിരുന്ന ഈ ശസ്ത്രക്രിയ സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് ചെയ്തത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അശോകന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. രാധിക എന്നിവരുടെ ഏകോപനത്തില്‍ ജനറല്‍ സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. രവീന്ദ്രന്‍, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ ഡോ. ശരത് കൃഷ്ണന്‍, ഡോ. സഹീര്‍, ഡോ. സുമിന്‍, ഡോ. ജുനൈദ്, ഡോ. സൗന്ദര്യ എന്നിവരും അനസ്തീഷ്യ വിഭാഗം തലവന്‍ ഡോ. ബാബുരാജ്, ഡോ. മനീഷ, ഡോ. മെറിന്‍, ഡോ. ജെസ്മിന്‍ എന്നിവരും നഴ്‌സിംഗ് വിഭാഗത്തില്‍ നിന്നുള്ള സൂര്യ ജഗനും ആണ് ഈ ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!