കൊടുങ്ങല്ലൂർ : ഈ കേസിൽ എടവിലങ്ങ് സ്വദേശിയിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്ന് ഇന്റർ നാഷ്ണൽ ട്രാൻസാക്ഷൻ സൗകര്യമുള്ള ATM കാർഡുള്ള പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ അയച്ച് വാങ്ങിയും ഈ തുക വിദേശത്ത് നിന്ന് ATM കാർഡ് ഉപയോഗിച്ച് പിൻവലിച്ചതായും കണ്ടെത്തിയതിനാലാണ് കോഴിക്കോട് ജില്ല കക്കാട് വില്ലേജ് മലാംകുന്ന് സ്വദേശി കളത്തിങ്കൽ പുറയ് വീട്ടിൽ മുഹമ്മദ് നസീബ് മോൻ 24 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് കോഴിക്കോട് നിന്നും പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. എടവിലങ്ങ് സ്വദേശിയായ പരാതിക്കാരൻ 3 വർഷം മുമ്പ് കൊടുങ്ങല്ലൂരിലെ IIFL എന്ന സ്ഥാപനം വഴി ഷെയർ ട്രേഡിംഗ് നടത്തിയിരുന്നു. അന്ന് കൃത്യമായി ലാഭവും മുടക്കിയ പണവും തിരികെ ലഭിച്ചിരുന്നു. തുടർന്ന് 2024 ജൂൺ മാസത്തിൽ വാട്സാപ്പ് വഴി IIFL STRATEGY എന്ന സ്ഥാപനത്തിൽ നിന്നും ഷെയർ ട്രേഡിങ്ങ് സംബന്ധമായ മെസേജ് വരികയും പ്രതി ഓൺ ലൈൻ ഷെയർ ട്രേഡിംഗ് നടത്തിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് IIFL STRATEGY എന്ന പേരിലുള്ള ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് 15.06.2024 തീയതി മുതൽ 08.07.2024 തീയതി വരെയുള്ള കാലയളവിലായി ഉള്ള എട്ട് തവണകളിലായി എടവിലങ്ങ് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ പല ബാങ്ക് അക്കൗണ്ടുകളിലേക്കായി ആകെ ₹.32,51,999/- (മുപ്പത്തി രണ്ട് ലക്ഷത്തി അൻപത്തിയൊന്നായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് രൂപ) അയപ്പിച്ച് വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. പണം അയച്ചതിന്റെയും ലാഭത്തിന്റെയും വിവരങ്ങൾ IIFL STRATEGY എന്ന ആപ്പിലൂടെ പരാതിക്കാരന് ലഭിക്കുന്നുണ്ടായിരുന്നു. ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപ അക്കൗണ്ടിൽ ഉള്ളതായി മെസേജ് ലഭിക്കുകയും ചെയ്തതനുസരിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പലവിധ കാരണങ്ങളാൾ പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോൾ കൊടുങ്ങല്ലൂരിലെ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ ഷെയർ ട്രേഡിംഗിനായി പണം നിക്ഷേപിച്ചത് വ്യാജ സ്ഥാപനത്തിലാണെന്ന് മനസിലാക്കിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൽ കേസെടുത്തു. ഈ കേസിലേക്കാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ് ഇൻസ്പെക്ടർ മാരായ, തോമസ്, എസ്.സി.പി.ഒ ധനേഷ്, സി.പി.ഒ മാരായ നിനൽ, അബീഷ് എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
32,51,999/- രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്, കമ്മീഷൻ വാങ്ങി തട്ടിപ്പ് പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ട് കൈമാറിയ പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടി, പ്രതി റിമാന്റിലേക്ക്
