ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 2.30 ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദു അറിയിച്ചു.
3.98 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെയും 1.28 കോടി രൂപ ചിലവിൽ സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനമാണ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കുക.
ഏറ്റവും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ഒരേസമയം 10 പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡയാലിസിസ് സെൻ്ററടക്കം മണ്ഡലത്തിൽ പൂർത്തിയാക്കിയ മൂന്ന് ആരോഗ്യ സേവനപദ്ധതികൾ ആഗസ്ത് ഒന്നിന് നാടിന് സമർപ്പിക്കുകയാണ്. പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ. പി ബ്ലോക്കും കാറളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ് സെന്ററും ഡയാലിസിസ് സെൻ്ററിനൊപ്പം ഓൺലൈനായി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
1897 ൽ പ്രവർത്തനം ആരംഭിച്ച ഇരിങ്ങാലക്കുട ഗവ. ആശുപത്രി പടിപടിയായ വികസനത്തിലെ തിളക്കമാർന്ന നാഴികക്കല്ലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഡയാലിസിസ് സെൻ്റർ എന്ന് മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു. 2012 മുതൽ ജനറൽ ആശുപത്രിയായി പ്രവർത്തിച്ചുവരുന്ന ആശുപത്രിയിലെ ദീർഘകാല ആവശ്യമായിരുന്നു ഡയാലിസിസ് സെൻ്റർ. ഇരിങ്ങാലക്കുട നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലേയും വിവിധ ജനവിഭാഗങ്ങൾക്ക് നൽകി വരുന്ന ആതുര സേവനത്തിലേക്ക് മുതൽക്കൂട്ടായാണ് ഡയാലിസിസ് സെന്റർ കൂടി ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്നത് മന്ത്രി കൂട്ടിച്ചേർത്തു
15.05 ലക്ഷം ചെലവിലാണ് പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ. പി ബ്ലോക്ക്. ഏഴു ലക്ഷം ചെലവിലാണ് കാറളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ് സെന്റർ. ഇരിങ്ങാലക്കുട മണ്ഡലത്തിന് ആരോഗ്യരംഗത്ത് പുതിയ കുതിപ്പേകുന്ന പദ്ധതികളാണ് സർക്കാർ സാക്ഷാത്കരിച്ചിരിക്കുന്നത്.