നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുക, മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യ സാധനങ്ങൾ ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാപ്രാണം സെൻ്ററിലുള്ള മാവേലി സ്റ്റോറിനു മുമ്പിലേക്കാണ് മാർച്ചും ധർണ്ണയും നടത്തിയത്.
ഇരിങ്ങാലക്കുട : പൊതുമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾക്കു ദിനംപ്രതി വില കുതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലും വിലവർദ്ധന നിയന്ത്രിക്കാൻ യാതൊരു ഇടപെടലും നടത്താതെ “ഇവിടെ വില വർദ്ധനവില്ല, മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യാനുസരണം സാധങ്ങൾ ഉണ്ട്” എന്ന് പ്രഖ്യാപിച്ചു കൊണ്ട് പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുക, മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യ സാധനങ്ങൾ ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാപ്രാണം സെൻ്ററിലുള്ള മാവേലി സ്റ്റോറിനു മുമ്പിലേക്കാണ് മാർച്ചും ധർണ്ണയും നടത്തിയത്. മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ധർണ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സത്യൻ നാട്ടുവള്ളി, പി ചന്ദ്രശേഖരൻ, പി ബി സത്യൻ, കെ കെ അബ്ദുള്ളക്കുട്ടി, എ കെ മോഹൻദാസ്, പി കെ ഭാസി, എ എസ് അജിത്ത് കുമാർ, മണ്ഡലം ഭാരവാഹികളായ സിന്ധു അജയൻ, സന്തോഷ് മുതുപറമ്പിൽ, പ്രദീപ് താഴത്തു വീട്ടിൽ, ഹരിദാസ് താണിയത്ത്, അബൂബക്കർ മാഷ്, അബ്ദുൾ ബഷീർ, പ്രതാപൻ, കുമാരി രഘുനാഥ്, ശാരദ വിശ്വംഭരൻ, ശ്രീലത വൽസൻ എന്നിവർ നേതൃത്വം നൽകി.