മികച്ച കാർഷിക ഗവേഷകക്കുള്ള സംസ്ഥാന അവാർഡ് കേരള കാർഷിക സർവ്വകലാശാല, പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ.വി തുളസി കരസ്ഥമാക്കി.
മികച്ച കാർഷിക ഗവേഷകക്കുള്ള സംസ്ഥാന അവാർഡ് കേരള കാർഷിക സർവ്വകലാശാല, പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ.വി തുളസി കരസ്ഥമാക്കി. കൃഷി മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ച 2022 ലെ കാർഷിക പുരസ്‌കാരമാണ് വി തുളസി കരസ്ഥമാക്കിയത്.
2006 മുതൽ കൃഷി ഓഫീസർ ആയും തുടർന്ന് 2008 മുതൽ കാർഷിക ശാസ്ത്രജ്ഞയായും മികച്ച സേവനമാണ് ഡോ.വി തുളസി കാർഷിക മേഖലയിൽ കാഴ്ച വച്ചത്. കേരളത്തിലെ കൃഷിയിടങ്ങളിലുള്ള സൂക്ഷ്മൂലകങ്ങളുടെ അഭാവം തിരിച്ചറിഞ്ഞു ശാസ്ത്രീയ പരിഹാരം കണ്ടെത്തിയത് മികച്ച സംഭാവനയായി മാറി.
പ്രധാന വിളകളായ നെല്ല്, വാഴ, പച്ചക്കറികൾ എന്നിവയിൽ ഉപയോഗിക്കുവാനും അത് മുഖാന്തരം വിളവ് വർധിപ്പിക്കുവാനും സാധിക്കുന്ന സൂക്ഷ്മൂലക മിശ്രിതങ്ങളായ സമ്പൂർണ കെ. എ. യു. മിക്സ് വികസിപ്പിച്ചെടുത്തതാണ് ഡോ.വി തുളസിയുടെ പ്രധാന നേട്ടം. എ ഐ സി ആർ പി ദീർഘകാല പോഷക പരിപാലന പദ്ധതി പഠനങ്ങളിലൂടെ രാസവളങ്ങളും ജൈവ വളങ്ങളും തനിയെ ഉപയോഗിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടത് ആണ് സംയോജിത ഉപയോഗ രീതി എന്ന് തെളിയിക്കുന്നതിൽ ഡോ.വി തുളസി പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മണ്ണിന്റെ ഗുണനിലവാര സൂചിക വിലയിരുത്തിയുള്ള പഠനത്തിലും തുളസി പങ്കാളിയാണ്.
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ളോക് നോഡൽ ഓഫീസർ കൂടിയാണ് ഡോ.വി തുളസി. ബിഎസ് സി അഗ്രിക്കൾച്ചർ ഒന്നാം റാങ്ക് ജേതാവായിരുന്ന ഡോ.വി തുളസി ഐ എ ആർ ഐ മെറിറ്റ് മെഡൽ, ഹരിത ക്ഷോണി ജ്വാല അവാർഡ് , ഡോ.സതീഷ് മെമ്മോറിയൽ യുവ ശാസ്ത്രജ്ഞ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പാലക്കാട് ചെർപ്പുള്ളശ്ശേരി സ്വദേശിനിയായ ഡോ.വി തുളസി. അതുൽ ലിമിറ്റഡിൽ ഏരിയ സെയിൽസ് മനോജർ രാജേഷ് പൂടിക്കളമാണ് ഭർത്താവ്. മക്കൾ ഭദ്ര രാജേഷ്, ദേവ രാജേഷ്.