മഠത്തുംപടി വില്ലേജ് ഓഫീസ്, മഠത്തുംപടി വില്ലേജ് ഓഫീസ് ഒരാഴ്ച മുന്‍പ് തുറന്നപ്പോള്‍.
മാളഃ മഠത്തുംപടി വില്ലേജ് ഓഫീസിന്‍റെ ശനിദശ ഇനിയും മാറിയില്ലേയെന്നാണ് ജനസംസാരം. മഠത്തുംപടി വില്ലേജ് ഓഫീസ് സ്മാർട്ടാക്കാതെ തുറന്നെങ്കിലും വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. വൈദ്യുതി നിരക്ക് കുടിശ്ശികയായി കണക്ഷൻ വിച്ഛേദിച്ചിട്ട് മാസങ്ങളായി. കുടിശ്ശിക അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കണക്ഷൻ പൂര്‍ണ്ണമായും വിച്ഛേദിക്കുമെന്ന് കാണിച്ച് കെ എസ് ഇ ബി നോട്ടീസ് നൽകിയിരിക്കുകയാണ്. 1901 രൂപയാണ് വൈദ്യുതിനിരക്ക് കുടി ശ്ശിക. കെ എസ് ഇ ബിയുടെ നോട്ടീസ് ലഭിച്ചുവെന്നും ഇക്കാര്യം തഹസിൽദാറെ അറിയിച്ചുവെന്നും പൊയ്യ വില്ലേജ് ഓഫീസർ പറഞ്ഞു. 2023 ഫെബ്രുവരി ഏഴിനാണ് വൈദ്യുതി നിരക്ക് അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേ ദിച്ചത്.
മൂന്ന് മാസത്തിലധികം അടച്ചിട്ട വില്ലേജ് ഓഫീസ് മാധ്യമങ്ങളില്‍ വന്ന വാർത്തയെത്തുടർന്ന് വി ആർ സുനിൽകുമാർ എം എൽ എ ഇടപെട്ട് രണ്ട് ജീവനക്കാരെ നിയമിച്ച് തുറന്നുപ്രവർത്തനം തുടങ്ങി ഒരാഴ്ചയായെങ്കിലും അപേക്ഷകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് ജീവനക്കാർ വെറുതെ വന്നിരിക്കുന്നതല്ലാതെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. പ്രാഥമികാവശ്യത്തിന് പോലും വെള്ളമില്ലാതെ ജീവനക്കാരെ പീഡിപ്പിക്കുന്ന അവസ്ഥയിലാണ് വില്ലേജ് ഓഫീസ് തുറന്നിരിക്കുന്നത്. വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്തതിനാൽ കംപ്യൂട്ടർ പോലും താത്കാലികമായി സജ്ജീകരിക്കാൻ കഴിഞ്ഞിട്ടില്ല. കടുത്ത ചൂട് സഹിച്ചാണ് രണ്ടു ജീവനക്കാർ ഓഫീസ് തുറന്നിരിക്കുന്നത്. ഒരു ജീവനക്കാരൻ സ്ഥലം മാറിപ്പോയപ്പോഴാണ് മൂന്നു മാസത്തിലധികം വില്ലേജ് ഓഫീസ് അടച്ചിട്ടത്. വില്ലേജ് ഓഫീസ് അടച്ചിട്ട കാര്യം എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണ്. തസ്തിക അനുവദിക്കാതെ വില്ലേജ് ഓഫീസ് തുറന്നിരുന്നാലും ജനങ്ങൾക്ക് പ്രയോജനം ലഭിക്കില്ല. തസ്തികയും വിഭജനവും നടത്താതെയാണ് മഠത്തുംപടിയിൽ പേരിനൊരു സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്.