മുരിയാട് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പിഎച്ച്സി മഡോണ നഗർ കുടിവെള്ള പദ്ധതി,നവീകരിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം, ഷി ഫിറ്റ്നസ് സെന്റർ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
പൊന്നാനി തൃശ്ശൂർ കോൾപടവ് മേഖലയ്ക്കായി റീ ബിൽഡ് കേരള അനുവദിച്ചിട്ടുള്ള 300 കോടിയുടെ പാക്കേജിൽ നല്ലൊരു അംശം മുരിയാട് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഈ തുക പ്രയോജനപെടും. സർക്കാരും ത്രിതല പഞ്ചായത്തും സമൂഹവും ഒന്നിച്ച് നിന്നാൽ മികച്ച വികസനങ്ങൾ സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2020- 21 വർഷത്തെ എംഎൽഎ ഫണ്ടായ 15 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 2 ലക്ഷം രൂപയും ഉപയോഗിച്ചാണ് പി എച്ച് സി മഡോണ നഗർ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. പഞ്ചായത്ത് ഫണ്ട് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീറ്റ്നസ് സെന്റർ നിർമിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രാഥമിക ആരോഗ്യ കേന്ദ്രം നവീകരിച്ചതും പഞ്ചായത്ത് വിഹിതം ഉപയോഗിച്ചാണ്.
ഊരകം സെന്റ് ജോസഫ് പള്ളി ഹാളിൽ നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായി. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വിജയൻ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ സന്തോഷ് കുമാർ, മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി റെജി പോൾ,ആനന്ദപുരം സി എച്ച് സി സൂപ്രണ്ട് ഡോ.ശ്രീവൽസൻ, ഊരകം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.