സിനഗോഗിന്റെ പിന്നിലെ ഉപയോഗശൂന്യമായ ശൗചാലയത്തിനോട് ചേർന്ന് മാള ഗ്രാമപഞ്ചായത്ത് വിരിച്ച ടൈലുകളാണ് മുസിരിസ് പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടുള്ളത്.
മാളഃ യഹൂദ പൈതൃകങ്ങളില്‍ പെട്ട മാളയിലെ യഹൂദ സിനഗോഗിന്റെ മുൻഭാഗത്ത് വിരിക്കുന്നതിനായി പഴയ ടൈൽസ് അനുമതിയില്ലാതെ പൊളിച്ചതായി ആക്ഷേപം. സിനഗോഗിന്റെ പിന്നിലെ ഉപയോഗശൂന്യമായ ശൗചാലയത്തിനോട് ചേർന്ന് മാള ഗ്രാമപഞ്ചായത്ത് വിരിച്ച ടൈലുകളാണ് മുസിരിസ് പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടുള്ളത്. ഈ ടൈലുകൾ സിനഗോഗിന്റെ മുൻവശത്ത് നിരത്തുകയും ചെയ്തു. എന്നാൽ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഗ്രാമപഞ്ചായത്തിൽ നിലനിൽക്കുമ്പോഴാണ് അനുമതിയില്ലാതെ പൊളിച്ചതെന്ന് പറയുന്നു. ഇതാണ് വിവാ ദത്തിനിടയാക്കിയത്. ഇക്കാര്യം അറിഞ്ഞ ഗ്രാമപഞ്ചായത്തംഗം ജിയോ ജോർജ്ജ് ആവശ്യപ്പെട്ടതനുസരിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ജെ രാജു സ്ഥലത്തെത്തി പരിശോധന നടത്തി. ടൈൽസ് പൊളിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും പൊളിക്കുന്നത് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. സിനഗോഗിന്റെ സ്ഥലത്ത് അനുമതിയില്ലാതെ കെ എസ് ഇ ബി വൈദ്യുതത്തൂൺ സ്ഥാപിച്ചത് സംബന്ധിച്ച് നോട്ടീസ് നൽകുമെന്നും കെ ജെ രാജു അറിയിച്ചു. എന്നാൽ പഴയ ടൈൽസ് എടുത്ത് വിരിച്ചത് താത്കാലികമായാണെന്നും സിനഗോഗിന്റെ പുറത്ത് സൗന്ദര്യവത്കരണം പൂർണ്ണമായി നടപ്പാക്കുമെന്നും മുസിരിസ് പദ്ധതി മാനേജർ ഡോ. മിഥുൻ സി ശേഖർ അറിയിച്ചു. ടൈൽസ് നീക്കം ചെയ്തതും സിനഗോഗിന്റെ മുൻഭാഗത്ത് വിരിച്ചതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉന്നത അധികൃതരെ അറിയിച്ചുവെന്നും ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തുമായുള്ള എം ഒ യുവിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിർമ്മാണങ്ങൾ നടത്തൂവെന്നും ഡോ. മിഥുൻ സി ശേഖർ പറഞ്ഞു. സിനഗോഗും അനുബന്ധ സ്ഥലവും മാള ഗ്രാമപ്പഞ്ചായത്തിന്റെ കൈവശമാണ്. സിനഗോഗുള്ള 28 സെന്റ് സ്ഥലമാണ് ഗ്രാമപഞ്ചായത്തിനുള്ളത്. അനു ബന്ധമായുള്ള നാലേമുക്കാൽ സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തതാണ്. ഇടനാഴി നിർമ്മാണത്തിനായി പദ്ധതിയുള്ള സ്ഥലത്താണ് ഇപ്പോൾ പഴയ ടൈൽസ് വിരിച്ചത്. ഗ്രാമപഞ്ചായത്തിൽ പദ്ധതിയുടെ രേഖകളില്ലെന്നും അനുമതിപോലും ഇല്ലാതെയാണ് നിർമ്മാണങ്ങളും പൊളിക്കലും നടത്തുന്നതെന്നും ഗ്രാമപഞ്ചായത്തംഗം ജിയോ ജോർജ്ജ് പറഞ്ഞു.