ആളൂർ ആർ എം എച്ച് എസിലെ അഞ്ചുമുതൽ പത്തുവരെ ക്ലാസ്സുകളിലുള്ള 800 ഓളം വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുക.
മാളഃ അച്ഛൻ പഠിപ്പിച്ച വിദ്യാലയത്തിലെ കുട്ടികൾക്ക് ജലപാഠശാലയൊരുക്കി പൂർവ്വവിദ്യാർത്ഥിയായ മകൻ എം എസ് ഹരിലാൽ. ആളൂർ ആർ എം എച്ച് എസിലെ അഞ്ചുമുതൽ പത്തുവരെ ക്ലാസ്സുകളിലുള്ള 800 ഓളം വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുക. പത്താം ക്ലാസ്സുകാര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുന്നത്. പത്തുദിവസത്തെ പരിശീലനത്തിലൂടെ അറുപതോളം കുട്ടികളെ നീന്താൻ പ്രാപ്തരാക്കി കഴിഞ്ഞു. രണ്ടു വർഷം കൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കാനാണ് ശ്രമം. സ്കൂളിലെ കായികാധ്യാപക നായിരുന്ന എം യു സുദർശനൻ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 2010 ൽ മരിച്ച അച്ഛന്റെ സ്മരണക്കുകൂടിയാണ് ഹരിലാൽ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത്. ഇതിനകം പതിനാറായിരത്തോളം പേരെ നീന്തല്‍ പരിശീലിപ്പിച്ചിട്ടുണ്ട് ഹരിലാല്‍. 11 വർഷമായി നീന്തൽ പരിശീലിപ്പിക്കുന്ന കുഴിക്കാട്ടുശ്ശേരി മുത്തേടത്ത് ഹരിലാൽ ഒരു ഫൗണ്ടേഷനും രൂപവത്കരിച്ചിട്ടുണ്ട്. വീടിനോടുചേർന്നുള്ള തവാട്ടുവകയായ ഒരേക്കറോളം വരുന്ന മഷിക്കുളത്തിൽ നൂറുകണക്കിനു പേരാണ് ഓരോ മാസവും പരിശീലനം പൂർത്തിയാക്കുന്നത്.
മൂന്നു മുതൽ 70 വരെ വയസ്സുള്ളവർ ഹരിലാലിന്റെ ശിഷ്യന്മാരായിട്ടുണ്ട്. 17 വർഷം മുൻപ് നൂറോളം പേരിൽ തുടങ്ങിയ ഹരിലാലിന്റെ നീന്തൽ പരിശീലിപ്പിക്കലും മഷിക്കുളവും ഇന്ന് ശ്രദ്ധേയമാണ്. ഭയം മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. തലയിൽപ്പിടിച്ച് വെള്ളത്തിൽ താഴ്ത്തിവിടും. ഓരോരുത്തരുടെയും ശരീരത്തിന്റെ ഭാരമനുസരിച്ച് വായു നിറച്ച ട്യൂബുകൾ ധരിപ്പിക്കും. കൃത്യമായ അളവിൽ ധരിക്കുന്ന ട്യൂബുകൾ വയർ ഭാ ഗത്തുനിന്ന് നീങ്ങില്ല. നിലയില്ലാ ജലാശയത്തിൽ പരിശീലനം തു ടങ്ങുമ്പോൾ നൂറു ശതമാനവും സുരക്ഷിതരായിരിക്കും. കൈകാലുകൾ ചലിപ്പിച്ച് നീന്താൻ തുടങ്ങുമ്പോൾ അഞ്ചു മിനിറ്റ് ഇടവിട്ട് ട്യൂബിലെ വായുവിന്റെ അളവ് കുറച്ച് മൂന്നു മണിക്കൂർ ആകുന്നതോടെ വായു പൂർണ്ണമായി ഇല്ലാതാക്കും. തുടർന്ന് ട്യൂബിന്റെ സഹായമില്ലാതെ നീന്താൻ കഴിയുന്ന അവസ്ഥയിലാകും. വെള്ളം കാണുമ്പോൾത്തന്നെ ഭയപ്പെടുന്നവർ പോലും ശരാശരി അഞ്ചുദിവസത്തിനകം ആരുടെയും സഹായമില്ലാതെ നീന്തല്‍ പഠിക്കും. നിലയിലാത്ത വെള്ളത്തിലാണ് നീന്തൽ പരിശീലനം തുടങ്ങുന്നതെന്നതും പ്രത്യേ കതയാണ്. പൂർവ്വികർ നിർമ്മിച്ചതാണ് ഒരേക്കറോളം വിസ്തൃതിയിലുള്ള മഷിക്കുളം. കടൽ വെള്ളത്തിന്റെ നിറം ഉണ്ടായിരുന്നതിനാലാണ് മഷിക്കുളം എന്ന പേരുവന്നത്.