പാതിവഴിയിൽ നിലച്ച പൂപ്പത്തിയിലെ ഖാദി നൂൽ നൂൽപ്പുകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം.
മാളഃ മാള മേഖലയിലെ പണിതീരാതെ നികുതിപ്പണം ചോരുന്ന കെട്ടിങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി. പൂപ്പത്തിയിലെ ഖാദി നൂൽ നൂൽപ്പുകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വെള്ളമില്ലെന്ന കാരണത്താലാണ് കെട്ടിടത്തിന്റെ പണി നേരത്തേ നിലച്ചത്. എന്നാലിപ്പോൾ വെള്ളത്തിന് സൗകര്യമൊരുക്കിയിട്ടും പണി തുടങ്ങിയിട്ടില്ല. കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. വി ആർ സുനിൽകുമാർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ച പദ്ധതിയുടെ നിർമ്മാണം 2022 ഒക്ടോബർ 22 നാണ് തുടങ്ങിയത്. കെട്ടിടത്തിന്റെ പുറം ഭിത്തിനിർമ്മാണമാണ് പൂർത്തിയാ ക്കിയിട്ടുള്ളത്.
വേനൽക്കാലത്ത് വെള്ളമില്ലെന്ന കാരണം പറഞ്ഞാണ് കരാറുകാരൻ നിർമ്മാണം നിർത്തിവെച്ചത്. എന്നാൽ മഴക്കാലം അവസാനിക്കുന്ന ഘട്ടത്തിലും മേൽക്കൂരയുടെ കോൺക്രീറ്റിടൽ നടത്താൻ കഴിഞ്ഞിട്ടില്ല. കോൺക്രീറ്റിംഗ് നടത്തുന്നതിനുള്ള സാധനങ്ങൾ വാടകക്ക് ലഭിക്കാനുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്ന് കരാറുകാൻ പറയുന്നു. കരാറിന്റെ കാലാധി കഴിയുന്നതുവരെ നിർമ്മാണം വൈകിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ഇപ്പോൾ നിർമ്മാണം നടക്കുന്ന ഭാഗം കാടുകയറിയ നിലയിലാണ്. പൊയ്യ ഗ്രാമപഞ്ചായത്തിലെ പൂപ്പത്തിയിൽ 1982 ൽ ആരംഭിച്ച ഖാദി നൂൽ നൂൽപ്പുകേന്ദ്രം കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിലുള്ളതാണ്. സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന ഈ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നെയ്ത്തുശാലയിൽ ഇരുപതോളം പേർ ജോലിചെയ്തിരുന്നിടത്ത് ഇപ്പോൾ മൂന്ന് പേരിലൊതുങ്ങിയിരിക്കുകയാണ്. നൂൽ ഉത്പാദനത്തിൽ പതിനൊന്നു പേരാണ് ജോലി ചെയ്യുന്നത്.