ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ വിദ്യാർത്ഥികളുമായി സംവദിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാം 2023 – 24 പുതിയ എട്ടാം ക്ലാസ് ബാച്ച് ആരംഭിച്ചു. എട്ടാം ക്ലാസ് പുതിയ ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർവഹിച്ചു.
ചെമ്പുക്കാവ് ഹോളി ഫാമിലി സി ജി എച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ ഡിവിഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷയായി.
ജില്ലയിൽ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്ലാസാണ് ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാം. എട്ടാം ക്ലാസുകാരുടെ പുതിയ ബാച്ചിൽ 40 പേരാണ് ഉള്ളത്. നിലവിൽ ഒമ്പത്, പത്ത് ക്ലാസുകാരുടെ ബാച്ചിന്റെ ക്ലാസും നടക്കുന്നു. ചെമ്പുക്കാവ് ഹോളി ഫാമിലി സി.ജി.എച്ച് സ്കൂളിലാണ് ക്ലാസുകൾ നടക്കുന്നത്. വിദ്യാർത്ഥികളുടെ പ്രതിഭ പരിപോഷിപ്പിക്കാനായി കല, സാഹിത്യം, കരിയർ ഗൈഡൻസ്, പഠന യാത്രകൾ തുടങ്ങി വിവിധ മേഖലകളിലായി ഒരു വർഷത്തോളമാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ വിദ്യാർത്ഥികളുമായി സംവദിച്ചു. കോർഡിനേറ്റർ കെ സിന്ധു ഗിഫ്റ്റഡ് ചിൽഡ്രൺ പദ്ധതി വിശദീകരിച്ചു. തൃശ്ശൂർ ഡി.ഇ.ഒ ഡോ. എ അൻസാർ, ഹോളി ഫാമിലി ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ ഗ്ലോറി, പിടിഎ പ്രതിനിധികളായ സിമി ലാൽ, ജെസ്മി, ഗിഫ്റ്റഡ് ചൈൽഡ് പാർവ്വതി രഞ്ജിത്ത്, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.