തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൊച്ചുകടവ് കോളനി റോഡിലെ വൈദ്യുതി തൂണ് ഒടിയുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തത്.
മാളഃ ഉണങ്ങി തല പോയി വര്‍ഷങ്ങളായ പന വീണ് വൈദ്യുതി ബന്ധം തകരാറിലായി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൊച്ചുകടവ് കോളനി റോഡിലെ വൈദ്യുതി തൂണ് ഒടിയുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള പനയാണ് വീണത്. ലൈനുകള്‍ കൂട്ടിയുരസി തീപാറിയെങ്കിലും ഫ്യൂസ് പൊട്ടി തല്‍സമയം വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നില്ല. സമീപത്തെ ഒരാള്‍ അല്‍പ്പം അകലെയുള്ള ട്രാന്‍സ്ഫോര്‍മറിന് സമീപത്തെത്തി ഫ്യൂസ് ഊരിയതിന് ശേഷമാണ് ഒരു ലൈനിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത്. ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടികജാതി കോളനിയടക്കമുള്ളയിടത്താണ് സംഭവം. ആളുകള്‍ക്ക് ഷോക്കേല്‍ക്കാനും ജീവഹാനി വരെ സംഭവിക്കാവുന്നതുമായ സാഹചര്യമായിരുന്നു. എരവത്തൂര്‍ കുന്നത്തോടത്തി ഗിരീഷ് വളര്‍ത്ത് പുല്ല് തൂക്കി വെച്ച് പോയതിന് പിന്നാലെയാണ് പനക്കുള്ളില്‍ വെള്ളം നിറഞ്ഞ് മറിഞ്ഞുവീണത്. അല്‍പ്പം മാറിയാണ് ഈ പന വീണതെങ്കില്‍ ഒരു വീട് തകരുമായിരുന്നു.
ഈ വീടിന്റെ ട്രെസ്സിലുള്ള പാത്തി തകര്‍ന്നിട്ടുണ്ട്. ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഒടുവില്‍ രാത്രി ഒന്‍പതരയോടെ കെ എസ് ഇ ബി ജീവനക്കാരെത്തി ഗതാഗത തടസ്സം നീക്കം ചെയ്തു. കോളനി ലൈനിലെ ഫ്യൂസുകളൂരി മെയിന്‍ ലൈന്‍ ചാര്‍ജ്ജ് ചെയ്തൂടെയെന്ന് ജീവനക്കാരോട് പരിസരവാസികള്‍ പറഞ്ഞെങ്കിലും ലൈനിലൂടെ വൈദ്യുതി പ്രവാഹമുണ്ടാകുമെന്ന് പറഞ്ഞാണ് ഏഴാം വാര്‍ഡ് ഏതാണ്ട് മുഴുവനായും ഇരുട്ടിലാക്കിയത്. പിന്നീട് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ അധിഥിത്തൊഴിലാളികളെ കൊണ്ടുവന്ന് വൈദ്യുതിത്തൂണ് മാറ്റുകയും ഉച്ചക്ക് ഒരുമണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചത്. അതിന് ശേഷവും വൈകീട്ട് നാലര വരെയുള്ള സമയത്ത് അഞ്ച് തവണ വൈദ്യുതി തടസ്സമുണ്ടായി. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യമാകുന്ന അവസ്ഥയിലായി. ടാങ്കുകളില്‍ വെള്ളമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടിലായി. മൊബൈല്‍ ഫോണുകള്‍ ഒട്ടനവധി ഓഫായി പോയി. കരന്റ് വന്ന് ചാര്ജ്ജിലിട്ടപ്പോഴാണെങ്കില് പലതവണ പിന്നേയും വൈദ്യുതി തടസ്സമുണ്ടായത് ബുദ്ധിമുട്ടിലാക്കി.