Channel 17

live

channel17 live

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ 7 ന് ചാലക്കുടിയിലെത്തും

ചാലക്കുടി നിയോജകമണ്ഡലം സംഘാടക സമിതി രൂപികരിച്ചു.

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് ചാലക്കുടി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 7 ന് രാവിലെ 11 ന് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, ബെന്നി ബെഹനാന്‍ എം പി, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ ജില്ലാ കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും.

മുന്‍ എംഎല്‍എ ബി ഡി ദേവസ്സി ചെയര്‍മാനായും വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മിയെ മണ്ഡലം കോര്‍ഡിനേറ്ററായും യോഗത്തില്‍ നിശ്ചയിച്ചു. സംഘാടനത്തിനായി പതിമൂന്ന് സബ് കമ്മിറ്റികളും രൂപീകരിച്ചു. പഞ്ചായത്ത്തല സംഘാടക സമിതികള്‍ ഒക്ടോബര്‍ 31 നകവും ബൂത്തുതല സംഘാക സമിതികള്‍ നവംബര്‍ 15 നകവും രൂപീകരിക്കാനും കുടുംബ സദസ്സുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായുള്ള 1001 അംഗ കമ്മിറ്റിക്കും രൂപം നല്‍കി. ചാലക്കുടി എസ് എന്‍ ഭവനില്‍ സദസ്സിനുള്ള വേദിയൊരുക്കാനും യോഗത്തില്‍ തീരുമാനമായി.

വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ഈ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും ചില കേന്ദ്രങ്ങളില്‍ പ്രഭാത യോഗങ്ങളില്‍ കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നവകേരള സദസ്സുമാണ് നടത്തുന്നത്.

ചാലക്കുടി എസ് എന്‍ ഭവന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുന്‍ എംഎല്‍എ ബി ഡി ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ മുഖ്യാതിഥിയായി. യോഗത്തില്‍ ജനപ്രതിനിധികള്‍, കലാ-സാസംസ്‌ക്കാരിക-രാഷ്ട്രീയ നേതാക്കള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, സമുദായ സംഘടനാ നേതാക്കള്‍, കുടുബശ്രീ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, സഹകരണ സ്ഥാപന പ്രതിനിധികളടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!