സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.
ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡ് സാധ്യമാക്കും.കശുമാവ് ഗവേഷണ രംഗത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപുല സാധ്യതകളെ ഇനിയും കണ്ടെത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കായുള്ളത് അനന്ത സാധ്യതകളാണ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡ് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മേഖലയുടെ പുരോഗമനത്തിനായുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. പുതിയ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വലിയ കുതിപ്പ് സൃഷ്ടിക്കാന്‍ ഗവേഷണ കേന്ദ്രങ്ങള്‍ക്ക് കഴിയും. ശാസ്ത്രീയ കൃഷി രീതി ചിട്ടപ്പെടുത്തുന്നതില്‍ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. മുന്‍ കൃഷി വകുപ്പ് മന്ത്രി വി വി രാഘവനെ ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി കെ രാജന്‍ സ്മരിച്ചു.
മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കെഎയു ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. മധു സുബ്രഹ്മണ്യന്‍ സ്വാഗതം ആശംസിച്ചു. കെഎയു രജിസ്ട്രാര്‍ ഡോ. എ സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, കെഎയു കംപ്‌ട്രോളര്‍ മദന്‍ കുമാര്‍, കെഎയു ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയമോഹന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എംഡി ഡോ. ജെയിംസ് ജേക്കബ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പി ആര്‍ സുരേഷ് ബാബു, മാടക്കത്തറ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സാവിത്രി രാമചന്ദ്രന്‍, കെ പി പ്രശാന്ത്, പുഷ്പാ ചന്ദ്രന്‍, കെഎയു ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. ജലജ എസ് മേനോന്‍ നന്ദി പറഞ്ഞു. മികച്ച സംഭാവനങ്ങള്‍ നല്‍കിയ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.