പ്ലാന്റേഷൻ റോഡിൽ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്ലാന്റേഷൻ റോഡിൽ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെറ്റിലപ്പാറ 15ൽ താമസിക്കുന്ന മുണ്ടൻമാണി ഷിജു (45) വാണ് കാട്ടാനയുടെ മുൻപിൽ നിന്നും രക്ഷപ്പെട്ടത്. ഷിജുവിന്റെ ബൈക്ക് ആനകൾ തകർത്തു.
ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്തുള്ള പുലി പാലത്തിനടുത്ത് വെച്ചാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂരിലെ ടി.വി.എസ്. മോട്ടോർസ് സ്ഥാപനത്തിലെ ജോലിക്കാരനായ ഷിജു 12 വർഷത്തോളമായി ഇദ്ദേഹം ഈ വഴിയിലൂടെയുള്ള സ്ഥിരം യാത്രക്കാരനാണ്. ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ഏഴാറ്റ്മുഖം ഭാഗത്ത് ആന റോഡിൽ നിൽക്കുന്നത് കണ്ടു. കുറച്ച് അകലെ ഷിജു ബൈക്ക് നിർത്തി. ആനകൾ റോഡിൽ നിന്ന് മാറുന്നത് കാത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായി പെട്ടെന്ന് കാട്ടാന ഷിജുവിന് നേരെ ഓടിയെടുക്കുകയായിരുന്നു.
ആന നേരെ വരുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഷിജു റോഡിലെ കുഴിയിൽ വീണെങ്കിലും എണീറ്റ് ഓടി. ആന വന്ന് ബൈക്ക് നശിപ്പിച്ച ശേഷം എണ്ണപ്പനയിലേക്ക് തിരിച്ചു കയറിപ്പോകുകയായിരുന്നു. കാട്ടാനകളുടെ ആക്രമണം പ്ലാന്റേഷൻ മേഖലയിൽ വളരെ രൂക്ഷമാണെങ്കിലും പ്ലാന്റേഷൻ മാനേജ്മെന്റും വനപാലകരും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്.