സിറ്റിങ്ങില്‍ 15 പരാതികള്‍ തീര്‍പ്പാക്കി.
ലാന്‍ഡ് ട്രൈബ്യൂണല്‍ പുറപ്പെടുവിക്കുന്ന ഭൂമി സംബന്ധമായ എല്ലാ ഉത്തരവുകളും സബ് രജിസ്ട്രാര്‍മാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഉത്തരവിറക്കി. തൃശ്ശൂര്‍ ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ തൃശ്ശൂര്‍ സ്വദേശി നല്കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ് ഉത്തരവിറക്കിയത്. ഹര്‍ജിക്കാരന്റെ പരാതി പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഉത്തരവ്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിലയിരുത്തുന്നതിനായി നിലവിലുള്ള ജില്ലാതല കമ്മിറ്റികള്‍ മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരണമെന്ന ഹര്‍ജിയും കമ്മീഷന് തീര്‍പ്പാക്കി. പ്രസ്തുത നിര്‍ദ്ദേശം പാലിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിങ്ങില്‍ 24 പരാതികളാണ് പരിഗണിച്ചത്. 15 പരാതികള്‍ തീര്‍പ്പാക്കി. 9 പരാതികള്‍ റിപ്പോര്‍ട്ടിനായി സമര്‍പ്പിച്ചു. രണ്ട് പുതിയ കേസുകളാണ് സിറ്റിങ്ങില്‍ ലഭിച്ചത്.