വിദ്യാലയത്തിലെ ‘സ്നേഹഭവനം’ പദ്ധതിയിലേയ്ക്ക് നന്മയുടെ കരുതലുമായി കാര്‍മ്മല്‍ വിദ്യാലയത്തിലെ കുരുന്നുകള്‍.
ചാലക്കുടി: വിദ്യാലയത്തിലെ ‘സ്നേഹഭവനം’ പദ്ധതിയിലേയ്ക്ക് നന്മയുടെ കരുതലുമായി കാര്‍മ്മല്‍ വിദ്യാലയത്തിലെ കുരുന്നുകള്‍. ഈ വിദ്യാലയത്തിലെ തന്നെ നിര്‍ധനയായ അനധ്യാപിക പ്രതിനിധിക്ക് വീടുവച്ചു നല്കുന്ന പദ്ധതിയാണ് സ്നേഹഭവനം. അഞ്ചാം ക്ലാസ്സിലെ കുരുന്നുകളാണ് ഇവിടെ സ്നേഹത്തിന്റെ,സാന്ത്വനത്തിന്റെ മാതൃകകളായത്. തങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ ചെറിയ തുട്ടുകളും സമ്മാനത്തുകകളുമെല്ലാം വിദ്യാര്‍ത്ഥികള്‍ കുടുക്കയിലാക്കി സൂക്ഷിച്ചിരുന്നു. ഇങ്ങനെയൊരു സന്ദര്‍ഭം വന്നപ്പോള്‍ അവര്‍ സ്വമേധയാ മുന്നോട്ട് വന്ന് കുടുക്ക കൈമാറാനുള്ള താല്പര്യം അറിയിച്ചു. തദനുസരണം ഓരോരുത്തരും തങ്ങളുടെ കുടുക്കകള്‍ അസംബ്ലിയില്‍ വച്ച് പ്രിന്‍സിപ്പാളിന് കൈമാറി.
അഞ്ചാം ക്ലാസ്സുകാര്‍ ചെയ്ത ഈ പ്രവൃത്തി മുതിര്‍ന്ന കുട്ടികള്‍ക്കും പ്രചോദനാത്മകമാണ്. പ്രിന്‍സിപ്പാള്‍ റവ.ഫാ.ജോസ് താണിക്കല്‍ കുടുക്കകള്‍ ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളുടെ സദ്പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു.