അതിരപ്പിള്ളി: കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ വനം വകുപ്പ് ചാട്ട്കല്ലുംതറ മേഖലയിൽ നിർമിച്ച സൗരോർജ്ജ വേലിയുടെ ബാറ്ററി മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പള്ളിനട പത്തേഴക്കാട് ഊളയ്ക്കൽ വീട്ടിൽ സിദ്ദിഖ് എന്ന സിദ്ധി (26) യെയാണ് അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ബാറ്ററി മോഷണം പോയതിനാൽ സൗരോർജ്ജ വേലി പ്രവർത്തിക്കാത്തതിനാൽ കൊന്നക്കുഴി,ചാട്ട്കല്ലുംതറ മേഖലയിൽ പതിവായി വന്യ മൃഗങ്ങൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബർ നാലിന് പുലർച്ചെയാണ് മോഷ്ടിച്ചത്. സിദ്ദിക്കിന്റെ കൂട്ടുപ്രതി ഒളിവിലാണ്. സംഭവത്തിനുശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിച്ച പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്നു അതിരപ്പിള്ളി സ്റ്റേഷൻ ഹൌസ് ഓഫീസർ സി.വി. ലൈജുമോന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മതിലകത്ത് വച്ച് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു. സബ്ബ് ഇൻസ്പെക്ടർ പി.ആർ. സുരേന്ദ്രൻ, നാരായണൻ, എ.എസ്. ഐ. രാജേഷ് കുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസമാരായ പ്രദോഷ് ചന്ദ്രൻ, കെ. മാർട്ടിൻ,എ.ആർ. രെഞ്ചു തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.